24 September Monday

എലിപ്പനി പ്രതിരോധത്തിന് കർമ പദ്ധതിയുമായി നഗരസഭ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 തൊടുപുഴ

എലിപ്പനി പ്രതിരോധത്തിന് ഏഴിന കർമപദ്ധതിയുമായി തൊടുപുഴ നഗരസഭ. ബോധവൽക്കരണം, പ്രതിരോധ മരുന്നു വിതരണം, ജലസ്രോതസ്സുകളുടെ ക്ലോറിനേഷൻ, കെട്ടി നിൽക്കുന്ന മലിനജലവും ഓടകളും ബ്ലീച്ചിങ‌് പൗഡർ ഉപയോഗിച്ച് ശുചീകരണം, വിദ്യാലയങ്ങളിൽ എലിപ്പനി പ്രതിരോധ പ്രതിജ്ഞ, കോർണർ യോഗങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭാ ആരോഗ്യവിഭാഗം, ജില്ലാ ആശുപത്രി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തുക.
    എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ ശക്തമായ പനി, വയറുവേദന, തൊണ്ടവേദന, കണ്ണിന് ചുവപ്പ്, പേശി വേദന(പ്രത്യേകിച്ച് കാലുകളിൽ) ഛർദ്ദി, കുളിരും വിറയലും, തലവേദന, തളർച്ച എന്നിവയാണ്. എലിപ്പനി വരാതിരിക്കാൻ മലിനജലങ്ങളിൽ ഇറങ്ങുകയോ, നീന്തുകയോ ചെയ്യരുത്. ശരീരത്തിലെ മുറിവുകൾ വൃത്തിയായി കെട്ടി സൂക്ഷിക്കുക, കിണറുകളും മറ്റ് ജല സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുക, വെള്ളത്തിൽ മുങ്ങിക്കിടന്ന ഭക്ഷണസാധനങ്ങൾ ഉപയോഗിക്കരുത്, ഭക്ഷണവസ്തുക്കൾ വേവിച്ച് കഴിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുകയും ചെയ്യുക. ആരോഗ്യപ്രവർത്തകരിൽനിന്നും ആശുപത്രികളിൽനിന്നും ഡോക്സി സൈക്ലിൻ ഗുളികകൾ വാങ്ങി കഴിക്കുക.
പ്രധാന വാർത്തകൾ
Top