14 November Wednesday
പ്രകൃതിക്ഷോഭം

രേഖകർ നഷ്ടപ്പെട്ടവർക്ക് പകർപ്പ് നൽകൽ; നടപടികൾ ഊർജിതമാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

 ഇടുക്കി

പ്രകൃതിക്ഷോഭത്തിൽ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് അത് ലഭ്യമാക്കാനുള്ള നടപടികൾ ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഊർജിതമാക്കി. ഇതിന്റെ ഭാഗമായി ഇതേവരെയുള്ള നടപടികൾ നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേയുടെ നേതൃത്വത്തിൽ കലക്ടറേറ്റ‌് കോൺഫ്രൻസ് ഹാളിൽ വിവിധ വകുപ്പുതലവന്മാരുടെ യോഗത്തിൽ അവലോകനം ചെയ്തു. 
      ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നഷ്ടപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാൻ ആത്മാർഥമായ പരിശ്രമം നടത്തണമെന്ന‌് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ദുരിത ബാധിത സമയത്ത് കലക്ടർ കെ ജീവൻ ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ കാര്യക്ഷമവും സജീവവുമായ ഇടപെടൽ ജില്ലയുടെ പുനർനിർമിതിക്കായി തുടർന്നും ഉണ്ടാകണം. പ്രളയത്തിനുമുമ്പുള്ള നിലയിലേക്ക് ഇടുക്കിയെ പുനഃസ്ഥാപിക്കുകയല്ല പുതിയ ഇടുക്കിയെ പുനഃസൃഷ്ടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
  
 
   നഷ്ടപ്പെട്ടവയിൽ കേരളത്തിനു വെളിയിൽനിന്ന‌് ലഭിക്കേണ്ട രേഖകളുടെ കാര്യത്തിൽ അയൽ സംസ്ഥാനങ്ങളിലെ സെക്രട്ടറിതലത്തിൽ ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തലത്തിൽ നടത്തിയ അദാലത്തിലൂടെ ഇതേവരെ 257 അപേക്ഷകൾ ലഭിച്ചതായി കലക്ടർ പറഞ്ഞു. ഇതിൽ 81 അപേക്ഷകൾ വിദ്യാഭ്യാസ രേഖകൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടും 29 എണ്ണം വാഹനവുമായും 51 എണ്ണം വോട്ടേഴ്‌സ് തിരിച്ചറിയൽ കാർഡുമായും 31 എണ്ണം റേഷൻ കാർഡുമായും രണ്ടെണ്ണം പട്ടയവുമായും ബാക്കി ബാങ്ക് പാസ് ബുക്ക്, ഇൻഷുറൻസ്, പാസ്‌പോർട്ട് തുടങ്ങിയവയുമായും ബന്ധപ്പെട്ടതാണ്. ഇവ നൽകാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. 
   പ്രകൃതി ദുരന്തം നേരിട്ട കുടുംബങ്ങളിൽ നിന്ന് രേഖകൾ നഷ്ടപ്പെട്ടതുസംബന്ധിച്ച് കണക്കെടുക്കും. പഞ്ചായത്ത് തലത്തിൽ അപേക്ഷകൾ സ്വീകരിച്ച് നടപടികൾ വേഗത്തിൽ പൂർത്തിയാക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എസ്എസ്എൽസി ബുക്ക്, ഹയർ സെക്കൻഡറി വകുപ്പിൽ നിന്ന് പ്ലസ് ടു സർട്ടിഫിക്കറ്റ്, മോട്ടോർ വാഹന വകുപ്പിൽ നിന്ന് ഡ്രൈവിങ് ലൈസൻസ്, ആർസി ബുക്ക്, പെർമിറ്റ്, ടാക്‌സ് രസീത്, റവന്യൂ വകുപ്പിൽ നിന്ന് വോട്ടേഴ്‌സ് തിരിച്ചറിയിൽ കാർഡ്, പട്ടയം, കൈവശരേഖ, ആധാർ, സപ്ലൈ ഓഫീസിൽനിന്ന് റേഷൻ കാർഡ് തുടങ്ങിയ രേഖകൾ വേഗത്തിൽ നൽകാനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത‌്.
ആധാർ, പാൻ കാർഡ് എന്നിവയുടെ പകർപ്പ് അക്ഷയവഴി ലഭ്യമാക്കും. ഫീസ് ഈടാക്കാതെ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോർട്ട് നൽകാനുള്ള സ്‌കീം ഇപ്പോൾ ലഭ്യമാണ്. ഒക്ടോബർ 11 വരെ ഇതിനായി അപേക്ഷിക്കാം. പാസ്‌പോർട്ട് നഷ്ടപ്പെട്ടതാണെങ്കിൽ  എഫ്ഐആർ ആവശ്യമാണ്. വീടുകൾ നഷ്ടപ്പെട്ടവർക്ക് അവരുടെ വിവിധ ആവശ്യങ്ങൾക്കായി വിവിധ ഓഫീസുകളിൽ കയറി ഇറങ്ങേണ്ട സാഹചര്യം ഒഴിവാക്കുമെന്ന്  കലക്ടർ പറഞ്ഞു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top