16 July Monday

ദേശീയ കായികതാരം അമീര്‍ഖാന് വണ്ടിപ്പെരിയാറില്‍ സ്വീകരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 വണ്ടിപ്പെരിയാര്‍ > വണ്ടിപ്പെരിയാര്‍ സ്വദേശിയായ ദേശീയ കായിക താരം അമീര്‍ഖാന് പൌരാവലിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച സ്വീകരണം നല്‍കും.

  വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്, വിവിധ സാംസ്കാരിക സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പകല്‍ രണ്ടിന് വണ്ടിപ്പെരിയാര്‍ പൊതുവേദിയില്‍വച്ച് സ്വീകരണവും അനുമോദന പരിപാടിയും സംഘടിപ്പിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാര്‍ക്കായി അടുത്തിടെ ഉത്തരാഖണ്ഡിലെ റാഞ്ചിയില്‍ നടന്ന കായിക മത്സരത്തില്‍ അമീര്‍ഖാന്‍ 4-100 മീറ്റര്‍ റിലേയില്‍ സ്വര്‍ണ മെഡലും 200 മീറ്റര്‍ ഓട്ടത്തിന് വെള്ളിയും നേടിയിരുന്നു. വണ്ടിപ്പെരിയാര്‍ കറുപ്പുപാലം കൊന്നാരത്ത് വീട്ടില്‍ അബ്ദുള്‍റഹിമിന്റേയും ഷെറിഫയുടേയും മൂന്ന് മക്കളില്‍ രണ്ടാമനാണ് അമീര്‍ഖാന്‍. ബുധനാഴ്ച പകല്‍ രണ്ടിന് ചുരക്കുളം കവലയില്‍ നിന്നും ആനയിച്ച് പഞ്ചായത്ത് ബസ്സ്റ്റാനഡ് പൊതുവേദിയില്‍വച്ചാണ് സ്വീകരണം നല്‍കുന്നത്.
പ്ളസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളേയും, പിഎസ്സി കോച്ചിങ് സേവനമായി നല്‍കുന്ന എല്‍ ഗണേശന്‍, വണ്ടിപ്പെരിയാറിലെ ശുചീകരണ തൊഴിലാളികള്‍, കേരളോത്സവ വിജയികള്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു, സ്പോര്‍ട്സ് കൌണ്‍സില്‍ സെക്രട്ടറി മായാദേവി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് പറഞ്ഞു. അമീര്‍ഖാന് പരിശീലകനെ നിയമിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഭരണ സമിതി.
പ്രധാന വാർത്തകൾ
Top