15 November Thursday

സഞ്ചാരികളൊഴിഞ്ഞ മൂന്നാർ മെല്ലെ ഉണരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

 

 
മൂന്നാർ 
മൂന്നാറിൽ ജന ജീവിതം സാധാരണ നിലയിലേക്ക് വരുമ്പോഴും വിനോദ സഞ്ചാരികളുടെ അഭാവം ടൂറിസം മേഖലയ്ക്ക് വൻ തിരിച്ചടിയാകുന്നു. കാലവർഷം സംഹാര താണ്ഡവമാടിയപ്പോൾ തിരിച്ചടി എൽക്കേണ്ടി വന്നത് മൂന്നാർ പോലുള്ള അതിപ്രധാന അന്താരാഷ‌്ട്ര ടൂറിസ്റ്റ് കേന്ദ്രത്തെക്കൂടിയാണ‌്. മഹാപ്രളയത്തെ തുടർന്ന് മൂന്നാറിലേക്കുള്ള പ്രധാന റോഡുകളെല്ലാം തകർന്നതാണ് ഇതിനുകാരണം.
     ഹൈറേഞ്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശവും ഉണ്ടായി. ഇത് സന്ദർശകരുടെ വരവിനെ ബാധിച്ചു. കൊച്ചി‐ ധനുഷ‌്കോടി ദേശീയപാത, മൂന്നാർ‐ ഉടുമൽപ്പേട്ട അന്തർ സംസ്ഥാന പാത, മൂന്നാർ ടോപ്പ് സ്റ്റേഷൻ റോഡ് തുടങ്ങിയ വഴികളിൽ നിരവധി സ്ഥലങ്ങളിൽ ചെറുതും വലുതുമായി മണ്ണിടിഞ്ഞുവീണ‌് ഗതാഗതം തടസ്സപ്പെട്ടിരുന്നു. 
മഴയുടെ ശക്തി കുറഞ്ഞതോടെ വാഹന ഗതാഗതം പുനഃസ്ഥാപിക്കാനായി റോഡിലേക്കുവീണ മണ്ണ് നീക്കം ചെയ്യുന്നതിന‌് ത്വരിതഗതിയിലാണ് നടപടികൾ സ്വീകരിച്ചത്. എന്നാൽ, മൂന്നാറിൽനിന്നും മൂന്നു കിലോമീറ്റർ അകലെ പെരിയവരൈയ്ക്ക് സമീപം പാലം തകർന്നത് ജനങ്ങൾക്ക് ദുരിതമായി. എസ്റ്റേറ്റിലേക്ക് പോകുന്ന തൊഴിലാളികളും മറയൂർ, ഉടുമൽപ്പേട്ട ഭാഗങ്ങളിലേക്ക് പോകുന്നവരുമാണ് കൂടുതലും ദുരിതത്തിലായത്. ട്രിപ്പ് ജീപ്പുകളും, ഓട്ടോ റിക്ഷകളുമാണ് ആശ്രയം. രാജമലയിൽ നീലക്കുറിഞ്ഞി പൂവിട്ടു തുടങ്ങിയെങ്കിലും ഇവിടേക്ക് എത്താൻ നിർവാഹമില്ല. നീലക്കുറിഞ്ഞി സീസൺ മുന്നിൽകണ്ട് വൻ ഒരുക്കങ്ങളാണ് നടന്നുവന്നത്. എന്നാൽ, ഇതിനെല്ലാം തിരിച്ചടിയായി മഹാപ്രളയമെത്തി. കച്ചവടമില്ലാതെ ബുദ്ധിമുട്ടുന്ന വ്യാപാരികൾ വിനോദ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്. തിരക്കില്ലാത്തതിനാൽ മാട്ടുപ്പെട്ടി, കുണ്ടള തുടങ്ങിയ അണക്കെട്ടുകളിൽ ബോട്ടിങ് ആഴ്ചകളോളം നിർത്തി വച്ചിരിക്കുന്നു.
 
പ്രധാന വാർത്തകൾ
Top