22 September Saturday
ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാറിൽ

മെഗാ ക്ലീനിങ് ഡ്രൈവ‌് ജില്ലയിൽ നാളെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

 

 
ഇടുക്കി
ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഞായറാഴ്ച മെഗാ ക്ലീനിങ് ഡ്രൈവ്സംഘടിപ്പിക്കും. പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കും പൊതു ഇടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ഉപയോഗ യോഗ്യമല്ലാതായി തീരുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ഉൾപ്പെടെയുള്ള ജലാശങ്ങളും വാസസ്ഥലങ്ങളും മണ്ണും ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടി മലിനപ്പെട്ടിട്ടുമുണ്ട്. നിലവിൽ ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്തുന്നതിനാണ് മെഗാ ക്ലീനിങ് ഡ്രൈവ് നടത്തുന്നത്. മെഗാ ക്ലീനിങ് ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാറിൽ നടക്കും. 
രാവിലെ എട്ടിന‌് ആരംഭിക്കുന്ന ശുചീകരണ യജ്ഞം ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും നടത്തുമെന്ന്  ജില്ലാ ശുചിത്വ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർകൂടിയായ കെ ജീവൻബാബു അറിയിച്ചു. ഈ പരിപാടിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരിത ബാധിതമായ മുഴുവൻ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂർത്തിയാവാത്ത വീടുകളും ഉൾപ്പെടെ വൃത്തിയാക്കും. ജനപ്രതിനിധികൾ, അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കേരളം‐ ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൻമാർ, സാക്ഷരതാ പ്രേരകുമാർ, പഠിതാക്കൾ, ട്രൈബൽ പ്രമോട്ടർമാർ, സന്നദ്ധ സംഘടനകൾ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാർ, നെഹ്റു യുവകേന്ദ്ര വളണ്ടിയർമാർ, കോളേജ‌് തലത്തിലുള്ള എൻഎസ്എസ്, എൻസിസി, യുവജന ക്ലബ‌്, വായനശാലാ അംഗങ്ങൾ, ആരോഗ്യ ആശാ പ്രവർത്തകർ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്ന്  കലക്ടർ അറിയിച്ചു. 
 എല്ലാ വകുപ്പിലുംപെട്ട സർക്കാർ ജീവനക്കാർ ഈ പരിപാടിയിൽ ഭാഗമായിട്ടുണ്ടെന്ന് ജില്ലാതല ഉദ്യോഗസ്ഥർ ഉറപ്പുവരുത്തേണ്ടതും റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കേണ്ടതുമാണ്. ക്ലീനിങ്‌ ഡ്രൈവിങിന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികൾ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ സ്വീകരിക്കും.
   അജൈവമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും. ക്ലീൻ ഡ്രൈവിൽ പങ്കെടുത്ത‌് ഇടുക്കിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ  കലക്ടർ അഭ്യർഥിച്ചു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top