Top
23
Tuesday, January 2018
About UsE-Paper

തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവത്തിന് ഒരുക്കങ്ങളായി

Friday Dec 29, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ നടതുറപ്പു ദര്‍ശന മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി ഒന്നിന് രാത്രി എട്ടിനാണ് നടതുറപ്പ്. തുടര്‍ന്ന് 12 വരെ കേരളത്തിന് അകത്തും പുറത്തുംനിന്ന് ദശലക്ഷങ്ങള്‍ ദര്‍ശനത്തിനെത്തും. 

50,000 പേര്‍ക്ക് സുരക്ഷിതമായി കാത്തുനില്‍ക്കാന്‍ സാധിക്കുന്ന നടപ്പന്തലുകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്. 50,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള നാലു നടപ്പന്തലുകള്‍ ബാരിക്കേഡുകള്‍കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഇത്തവണ ഓണ്‍ലൈനില്‍ ദര്‍ശനത്തിനു മുന്‍കൂട്ടി ബുക്ക്ചെയ്തവര്‍ക്കായി വെര്‍ച്വല്‍ ക്യൂ സൌകര്യവുമുണ്ട്. ഇവിടെ ഇരിപ്പിടങ്ങളുണ്ടാകും. ക്യൂവില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കുടിവെള്ളം ക്യൂവില്‍തന്നെ ലഭ്യമാക്കും. 12 ദിവസവും ക്ഷേത്രട്രസ്റ്റിന്റെ വകയായി അന്നദാനവും ഉണ്ടാകും. കഞ്ഞിയും പുഴുക്കുമാണ് വിഭവങ്ങള്‍. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ഇരുന്ന് ആവശ്യാനുസരണം ഭക്ഷണം കഴിക്കാനാവുന്നവിധമുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അരവണ, അവില്‍ നിവേദ്യം, ഉണ്ണിയപ്പം എന്നീ പ്രസാദങ്ങള്‍ക്കും പ്രത്യേക കൌണ്ടറുകള്‍ തയ്യാറായി.

കെഎസ്ആര്‍ടിസി ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിപ്പോകളില്‍നിന്നു ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ്സര്‍വീസുകള്‍ ഉണ്ടാകും. സ്പെഷ്യല്‍ ബസ്സര്‍വീസുകള്‍ക്കായി ക്ഷേത്രപരിസരത്ത് താല്‍ക്കാലിക സ്റ്റേഷന്‍ പ്രവര്‍ത്തിക്കും. സുരക്ഷ ഉറപ്പാക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളം റൂറല്‍ എസ്പി, പെരുമ്പാവൂര്‍ ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും.