Top
19
Tuesday, December 2017
About UsE-Paper

വി ടി സ്മാരകം നാളെ നാടിനു സമര്‍പ്പിക്കും

Friday Nov 24, 2017
വെബ് ഡെസ്‌ക്‌

അങ്കമാലി > ജനിച്ചുവീണ വീടിനോടു ചേര്‍ന്ന് വി ടി ഭട്ടതിരിപ്പാടിന് സ്മാരകം ഉയര്‍ന്നു.  സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും വി ടി ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ പണികഴിപ്പിച്ച സ്മാരകം ശനിയാഴ്ച പകല്‍ മൂന്നിന് മന്ത്രി സി രവീന്ദ്രനാഥ് നാടിന് സമര്‍പ്പിക്കും. റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷനാകും.

മാതൃഗൃഹമായ കിടങ്ങൂരിലെ കവലക്കാട് ശിവക്ഷേത്രത്തോടുചേര്‍ന്ന കൈപ്പിള്ളിമനയില്‍ 1896ലായിരുന്നു വി ടി ഭട്ടതിരിപ്പാടിന്റെ ജനനം. അമ്മ കൈപ്പള്ളിമനയില്‍ ശ്രീദേവി അന്തര്‍ജനം. അദ്വൈതാചാര്യന്‍ ആദിശങ്കരന്റെ തറവാടും ഇതുതന്നെയായിരുന്നു.  രണ്ടാം തലമുറയിലെ എന്‍ എന്‍ ഭട്ടതിരിപ്പാട് തറവാട്ടുപറമ്പിന് വടക്കുവശത്ത് സൌജന്യമായി നല്‍കിയ സ്ഥലത്താണ് സ്മാരകം.  സാംസ്കാരികവകുപ്പ് നല്‍കിയ അഞ്ചുലക്ഷവും ട്രസ്റ്റ് കണ്ടെത്തിയ 10 ലക്ഷം രൂപയും ചെലവഴിച്ചാണ് ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്.

വി ടി സ്മാരക സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ട്രസ്റ്റിന്റെ 28-ാമത് വര്‍ഷികവും ശനിയാഴ്ച നടക്കും. ചടങ്ങില്‍  പ്രൊഫ. എം കെ സാനു വി ടി അനുസ്മരണപ്രഭാഷണം നടത്തും. ഈ വര്‍ഷത്തെ വി ടി സ്മാരക പുരസ്കാരം ശ്രീകുമാര്‍ മുഖത്തലയ്ക്ക് പ്രൊഫ. എം തോമസ് മാത്യു സമര്‍പ്പിക്കും. ചടങ്ങില്‍ എ എസ് ഹരിദാസ് രചിച്ച പറയാതെ പോകുന്നത് എന്ന കൃതി ഡോ. സി ഷീല പ്രകാശനംചെയ്യും.