20 September Thursday

ശുചീകരണത്തിന‌് കൈത്താങ്ങായി എൻജിഒ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

കൊച്ചി
പ്രളയദുരിതത്തിന‌് ഇരയായവരുടെ വീടുകൾ ശുചീകരിക്കാൻ സർക്കാർ ജീവനക്കാരുടെ കൈത്താങ്ങ‌്. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി ഇരുന്നൂറോളം വീടുകളാണ‌് ശുചീകരിച്ച‌് വാസയോഗ്യമാക്കിയത‌്. വരും ദിവസങ്ങളിലും ശുചീകരണം തുടരും.

യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി, ശ്രീമൂലനഗരം, ആലങ്ങാട‌്, എടവനക്കാട‌്, ചെറായി എന്നിവിടങ്ങളിൽ മുന്നൂറിലധികം പ്രവർത്തകർ ശുചീകരണം നടത്തി. കൈയുറ, ലോഷൻ, ഫിനോയിൽ,   ചൂലുകൾ എന്നിവ സഹിതമാണ‌് പ്രവർത്തകർ വീടുകളിൽ എത്തിയത‌്. കനത്തിൽ ചെളിയടിഞ്ഞ വീടുകൾ  ജെറ്റ‌് പമ്പ‌് ഉപയോഗിച്ച‌്  വെള്ളം ചീറ്റിച്ച‌് വൃത്തിയാക്കി.  പത്തിലേറെ കിണറുകളിൽ സൂപ്പർ ക‌്ളോറിനേഷൻ നടത്തി.  പൊതുസ്ഥലങ്ങളും വൃത്തിയാക്കി. ജില്ലയിൽ ശുചീകരണം പൂർത്തിയാവുന്നതുവരെ എൻജിഒ യൂണിയൻ രംഗത്തുണ്ടാവുമെന്ന‌് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എൻ കൃഷ‌്ണപ്രസാദ‌്, സെക്രട്ടറിയറ്റ‌് അംഗം സി എസ‌് സുരേഷ‌്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി കെ സതീശൻ, രാജമ്മ  രഘു, ജില്ലാ സെക്രട്ടറി കെ കെ സുനിൽകുമാർ, പ്രസിഡന്റ‌് കെ എ അൻവർ, ജോ. സെക്രട്ടറിമാരായ കെ എസ‌് ഷാനിൽ, എസ‌് എ മുസ‌്തഫ കമാൽ, ട്രഷറർ ജോഷി പോൾ തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top