Top
24
Wednesday, January 2018
About UsE-Paper

നടതുറപ്പുമഹോത്സവം: ഇന്നത്തെ യോഗത്തില്‍ മന്ത്രി പങ്കെടുക്കും

Friday Dec 22, 2017
വെബ് ഡെസ്‌ക്‌

കാലടി > തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വതീദേവിയുടെ നടതുറപ്പുമഹോത്സവം ജനുവരി ഒന്നിന് തുടങ്ങും. ഉത്സവനടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെസേവനം ലഭ്യമാക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വെള്ളിയാഴ്ച ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ പുനരവലോകനയോഗം ചേരും. സംസ്ഥാന സര്‍ക്കാരിന്റെ 'ഹരിതകേരളം' പദ്ധതിയുടെ ഭാഗമായി ശ്രീമൂലനഗരം പഞ്ചായത്തുമായി സഹകരിച്ച് തിരുവൈരാണിക്കുളം പ്രദേശത്ത് ശുചിത്വപരിപാലനയജ്ഞം ആരംഭിക്കും. പദ്ധതി മന്ത്രി ഉദ്ഘാടനംചെയ്യും. 

ദര്‍ശനം ആരംഭിക്കുന്ന സമയം പുലര്‍ച്ചെ മൂന്നായി പുനഃക്രമീകരിച്ചു. നടതുറപ്പുദിവസങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ 'ഓലൈന്‍ ക്യൂ' ബുക്കിങ് വെള്ളിയാഴ്ച ആരംഭിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍നിന്ന് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകും. റോഡുകളുടെ അറ്റകുറ്റപ്പണികളും പ്രദേശത്തെ രണ്ട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ അറ്റകുറ്റപ്പണികളും അടിയന്തരമായി തീര്‍ക്കും. നാലു വലിയ പാര്‍ക്കിങ് ഗ്രൌണ്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരേസമയം 25,000 പേരെ ഉള്‍ക്കൊള്ളുന്ന പന്തലുകളും ബാരിക്കേഡുകളും തയ്യാറായി. കുടിവെള്ളം ക്യൂവില്‍ത്തന്നെ നല്‍കും. ക്ഷേത്രട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഗൌരിലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ ആംബുലന്‍സും ഡോക്ടര്‍മാരും അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സൌജന്യമായി ലഭിക്കും. അപ്പം, അരവണ നിവേദ്യങ്ങള്‍ തയ്യാറാക്കിവരുന്നു. എല്ലാ ദിവസവും രാവിലെ ഒമ്പമുതല്‍ അന്നദാനം നടത്തും.
സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരുടെയും മുന്നൂറ്റമ്പതോളം പ്രൈവറ്റ് സെക്യൂരിറ്റിഗാര്‍ഡുകളുടെയും സേവനം ഉറപ്പാക്കി. മുന്നൂറില്‍പ്പരം വളന്റിയര്‍മാരെ വിവിധ ജോലികള്‍ക്കായി നിയോഗിക്കും. ആഘോഷങ്ങള്‍ക്ക് ഗ്രീന്‍പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തും.

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയര്‍നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എന്‍ ശ്രീകുമാര്‍, സെക്രട്ടറി പി ജി സുധാകരന്‍, ജോ. സെക്രട്ടറി എം വി ഉണ്ണിക്കൃഷ്ണന്‍, ട്രസ്റ്റ് അംഗങ്ങളായ കെ കെ ബാലചന്ദ്രന്‍, പി ശിവശങ്കരന്‍, വി പി കൃഷ്ണന്‍നമ്പൂതിരിപ്പാട്, സീനിയര്‍ മാനേജര്‍ പി കെ നന്ദകുമാര്‍, മാനേജര്‍ എം കെ കലാധരന്‍ എന്നിവര്‍ സംസാരിച്ചു.

Related News

കൂടുതൽ വാർത്തകൾ »