Top
28
Friday, April 2017
About UsE-Paper

പുതിയ പ്രസിഡന്റ് വന്നിട്ടും നഷ്ടംതന്നെ; വിട്ടുവീഴ്ചയ്ക്കില്ലെന്ന് എ ഗ്രൂപ്പ്

Tuesday Mar 21, 2017
ഡി ദിലീപ്


കൊച്ചി > ജില്ലയില്‍ ഇനി ഐ ഗ്രൂപ്പിനോട് വിട്ടുവീഴ്ച വേണ്ടെന്ന് എ ഗ്രൂപ്പ് നേതൃയോഗം. അങ്കമാലിയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന എഗ്രൂപ്പ് രഹസ്യ യോഗത്തിലാണ് തീരുമാനം.

വി ജെ പൌലോസ് പ്രസിഡന്റായിരുന്നപ്പോള്‍ പലകാര്യങ്ങളിലും വീട്ടുവീഴ്ച ചെയ്തതിലൂടെ എ ഗ്രൂപ്പിന് ഏറെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. പുതിയ പ്രസിഡന്റ് ടി ജെ വിനോദും എ  ഗ്രൂപ്പിനോട് ഇതേ സമീപനം തന്നെയാണ് തുടരുന്നത്. അതിനാല്‍ വിട്ടുവീഴ്ച തുടര്‍ന്നാല്‍ അത് വന്‍ അപകടമുണ്ടാക്കും. കെഎസ്യു തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ല എന്തു വിലകൊടുത്തും പിടിച്ചടക്കണമെന്നും യോഗം തീരുമാനിച്ചു. ബൂത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികള്‍ ക്രോഡീകരിക്കുന്നതിനും ഡിസിസി പ്രസിഡന്റുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനും ടോണി ചമ്മിണിയെയും യോഗം ചുമതലപ്പെടുത്തി. അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ളോക്ക് പ്രസിഡന്റ്മാര്‍ മുതല്‍ മുകളിലേക്കുള്ള നേതാക്കളാണ് പങ്കെടുത്തത്.   ബെന്നി ബെഹ്നാന്‍, കെ പി ധനപാലന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരും പങ്കെടുത്തു.

കെഎസ്യു അംഗത്വത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പെങ്കില്‍ എ വിഭാഗം തന്നെ ജയിക്കുമെന്ന് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ എ വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഹൈബിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. കൂടാതെ ഒത്തുതീര്‍പിനും ശ്രമമുണ്ട്. ഈ രണ്ടു സമ്മര്‍ദങ്ങള്‍ക്കും വഴങ്ങരുത്. കെഎസ്യുവും യൂത്ത് കോണ്‍ഗ്രസും കൈയിലുണ്ടെങ്കിലേ ജില്ലയില്‍ ഐ ഗ്രൂപ്പിന് ഭാവിയിലെങ്കിലും അവകാശപ്പെടാന്‍ കഴിയൂ എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തെരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ജെബി മേത്തറെയും ദീപക്കിനെയും ചുമതലപ്പെടുത്തി.

വി ജെ പൌലോസ് പ്രസിഡന്റായിരിക്കെ തദ്ദേശസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കത്തെ തുടര്‍ന്ന് 38 ജനപ്രതിനിധികളെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതില്‍ 33ഉം എ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. പുതിയ ഡിസിസി പ്രസിഡന്റും  എ വിഭാഗത്തെ ഒറ്റപ്പെടുത്താണ് ശ്രമിക്കുന്നത്. കളമശേരയില്‍ പ്രസിഡന്റിനെതിരെ പരസ്യയുദ്ധം നടത്തുന്ന ജമാല്‍ മണക്കാടന്റെ വീട്ടില്‍ സ്വീകരണം ഏറ്റുവാങ്ങി. മരട് മുനിസിപ്പാലിറ്റി, കാക്കനാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ പ്രശ്നങ്ങളില്‍ എ വിഭാഗത്തെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് ഡിസിസി നേതൃത്വം സ്വീകരിക്കുന്നത്. കൊച്ചി കോര്‍പറേഷനില്‍ മേയര്‍ക്ക് എതിരായ നിലപാട് സ്വീകരിക്കുന്നവരെ ഡിസിസി പ്രസിഡന്റ് പ്രോത്സാഹിപ്പിക്കുകയാണ് തുടങ്ങിയ വിമര്‍ശനങ്ങളും യോഗത്തില്‍ ഉയര്‍ന്നു.