16 November Friday

കളഞ്ഞുകിട്ടിയ 2 ലക്ഷം രൂപ വിദ്യാർഥിനികൾ ഉടമയെ കണ്ടെത്തി നൽകി

വെബ് ഡെസ്‌ക്‌Updated: Friday Jul 20, 2018


അങ്കമാലി
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുമ്പോൾ വഴിയരികിൽനിന്ന‌് കളഞ്ഞുകിട്ടിയ രണ്ടുലക്ഷം രൂപ  വിദ്യാർഥിനികൾ ഉടമയെ കണ്ടെത്തി നൽകി. അങ്കമാലി നിർമൽജ്യോതി കോളേജിലെ വിദ്യാർഥികളും കുറ്റിപ്പുഴ സ്വദേശികളുമായ ജിസ്മിക്കും സുമിക്കും അങ്കമാലി ബാങ്ക് ജങ‌്ഷനിൽ  പാർക്ക് ചെയ്ത കാറിന്റെ അടിയിൽനിന്നാണ‌് പണം കിട്ടിയത്. ഉടനെ പണവുമായി തൊട്ടടുത്ത ബാറ്ററിക്കടയിലെത്തി. പണത്തിന്റെ ഉടമയെ അന്വേഷിച്ചു കൊണ്ടിരുന്നപ്പോഴേക്കും പണം നഷ്ടപ്പെട്ട അങ്കമാലി കിടങ്ങൂർ സ്വദേശി മൂഞ്ഞേലി ഷാജി  കടയിലേക്ക‌് വിളിച്ചു. വാഹന കച്ചവടക്കാരനായ ഷാജി ബാങ്കിൽനിന്ന് പണമെടുത്ത് വരുന്നവഴി ബാറ്ററിക്കടയ്ക്ക് സമീപം സുഹൃത്തിന് രേഖകൾ കൈമാറിയിരുന്നു.

ഇതിനിടയിൽ  അബദ്ധത്തിൽ പണം താഴെവീഴുകയായിരുന്നു. പണം നഷ്ടപ്പെട്ടതറിയാതെ ഷാജി തൃശൂരിലേക്കു പോയി. ഇടയ്ക്ക് പണം പരിശോധിച്ചപ്പോൾ നഷ്ടപ്പെട്ടതറിഞ്ഞ് ബാറ്ററിക്കടയിലേക്ക് വിളിക്കുകയായിരുന്നു. പണം ലഭിച്ചതറിഞ്ഞ് ഷാജി തിരികെവന്ന് വിദ്യാർഥിനികളിൽനിന്ന‌് പണം കൈപ്പറ്റി. റോജി എം ജോൺ എംഎൽഎ അടക്കമുള്ളവർ വിദ്യാർഥിനികൾക്ക് അഭിനന്ദനവുമായി എത്തി.

പ്രധാന വാർത്തകൾ
Top