Top
24
Wednesday, May 2017
About UsE-Paper

മാളുകളില്‍ സുരക്ഷാ പരിശോധന തുടങ്ങി

Friday May 19, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഒബ്റോണ്‍ മാളിലെ തീപിടിത്തത്തെ തുടര്‍ന്ന് , നഗരത്തിലെ മാളുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കി അഗ്നിശമന സുരക്ഷാസേന. വ്യാഴാഴ്ച ലുലുമാള്‍, ഗോള്‍ഡ് സൂക്ക്, ന്യൂക്ളിയസ് മാള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദേശം മാള്‍ അധികൃതര്‍ക്കു നല്‍കി. രാവിലെ ആരംഭിച്ച പരിശോധന രാത്രിയിലാണ് പൂര്‍ത്തിയായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.

കഴിഞ്ഞ ദിവസം ഒബ്റോണ്‍മാള്‍ പരിശോധിച്ചതിനു ശേഷം അധികൃതര്‍ക്ക് സുരക്ഷാ ക്രമീകരണം സംബന്ധിച്ച കര്‍ശന നിര്‍ദേശം നല്‍കിയതായി അഗ്നിശമനസേനാ അധികൃതര്‍ പറഞ്ഞു. മാളിന്റെ മേല്‍ക്കൂരയ്ക്കും ടെറസിനും ഇടയില്‍ 180 സെന്റിമീറ്റര്‍ എങ്കിലും തുറന്ന സ്ഥലം വെന്റിലേഷനു വേണ്ടി നല്‍കുക, കെട്ടിടത്തിനു പുറമേയുള്ള ഗ്ളാസ് പാനലുകളില്‍ മൂന്നിലൊന്ന് എങ്കിലും തുറക്കാവുന്ന ഗ്ളാസ് ജനലുകളാക്കുക, അഗ്നിബാധയുണ്ടായാല്‍ രക്ഷപ്പെടാന്‍ ഉണ്ടാക്കിയിരിക്കുന്ന കോണിപ്പടികള്‍ നേരിട്ട് തറനിരപ്പില്‍ എത്തുന്ന രീതിയില്‍ ക്രമീകരിക്കുക, സ്വയം പ്രവര്‍ത്തിക്കുന്ന അഗ്നിശമന സംവിധാനം ചിമ്മിണിയില്‍ ഘടിപ്പിക്കുക, ചിമ്മിണി പതിവായി വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, മുന്‍വശത്ത് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് മീറ്റര്‍ തുറന്ന സ്ഥലം ഉറപ്പാക്കുക, സ്റ്റെയര്‍കേസുകള്‍ക്ക് താഴെയും ഇടനാഴികളിലും എമര്‍ജന്‍സി ലൈറ്റുകള്‍ യുപിഎസ് സംവിധാനത്തോടെ സ്ഥാപിക്കുക, കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ ഏതു സമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്.

നഗരത്തിലെ വന്‍കിട മാളുകളുടെയും വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുനിലക്കെട്ടിടങ്ങളുടെയും സുരക്ഷാ സംവിധാനങ്ങള്‍ സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശിന്റെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ പരിശോധിക്കും. അഗ്നിശമനസേന, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്  തുടങ്ങിയ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും പരിശോധന. 

ഒബറോണ്‍ മാളിലെ തീപിടിത്തത്തെക്കുറിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷിച്ചു വരികയാണ്. തീപിടിച്ച ഭാഗം ഒഴികെയുള്ളിടത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ജനറേറ്റര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ സണ്ണി മാത്യു പറഞ്ഞു. തീപിടിച്ച ഭാഗത്ത് വീണ്ടും വയറിങ് നടത്തി സുരക്ഷാപരിശോധന പൂര്‍ത്തിയാക്കിയ ശേഷമേ പ്രവര്‍ത്തനാനുമതി നല്‍കൂ. വെള്ളിയാഴ്ചയും  ഒബറോണ്‍ മാളില്‍ പരിശോധന നടത്തും. ഇതിനുശേഷം ഇവിടത്തെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുമെന്നും സണ്ണി മാത്യു പറഞ്ഞു.ചൊവ്വാഴ്ച പകല്‍ 11.15നാണ് നഗരത്തില്‍ ഭീതി പരത്തി ഒബറോണ്‍ മാളിലെ നാലാംനിലയില്‍ തീപിടിച്ചത്.