ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽനിന്ന് ലുലു മാളിലേക്ക‌് ആകാശപ്പാത

കൊച്ചി
ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽനിന്ന് ലുലു മാളിലേക്കുള്ള ആകാശപ്പാത കെഎംആർഎൽ എംഡി എ പി എം മുഹമ്മദ് ഹനീഷ‌് ഉദ‌്ഘാടനംചെയ‌്തു. രാവിലെ ഒമ്പതുമുതൽ രാത്രി പത്തുവരെ ഇതിലൂടെ സഞ്ചരിക്കാം. ആലുവ ഭാഗത്തേക്കുള്ള സ്റ്റേഷന്റെ രണ്ടാം നിലയിൽ നിന്ന‌് ലുലു മാളിന്റെ രണ്ടാം നിലയിലേക്ക് പ്രവേശിക്കാവുന്ന തരത്തിലാണ് പാത. മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് പുറത്തിറങ്ങാതെ നേരിട്ട‌് ലുലു മാളിലേക്കും തിരിച്ചും ഇതുവഴി സഞ്ചരിക്കാം. എട്ടുമാസം കൊണ്ടാണ് നിർമിച്ചത‌്. നിർമാണച്ചെലവ് പൂർണമായും ലുലു ഗ്രൂപ്പാണ് വഹിച്ചത‌്.
കൊച്ചി മെട്രോ വാണിജ്യ സ്ഥാപനങ്ങളുമായി ചേർന്ന് കൂടുതൽ ആകാശപ്പാതകൾ നിർമിക്കുമെന്ന് എ പി എം മുഹമ്മദ് ഹനീഷ‌് ഉദ‌്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മെട്രോയുടെ ഒന്നാംവാർഷികത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിത‌്. ഇടപ്പള്ളി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ നിഷാദ്, കൊച്ചി മെട്രോ പ്രോജക്ട് ഡയറക്ടർ തിരുമൻ അർജുനൻ, സിസ്റ്റം ഡയറക്ടർ കെ ആർ കുമാർ, ഫിനാൻസ‌് ഡയറക്ടർ ഡി കെ സിൻഹ, ലുലു മാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ‌്സ്, സിഎഫ്ഒഎ ശേഖർ, കൊമേഴ്‌സൽ മാനേജർ സാദിഖ് കാസിം , സുധീഷ് നായർ, എൻ ബി സ്വരാജ്, ദാസ് ദാമോദരൻ, കെ വി പ്രസൂൺ, ഒ സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു. മെട്രോ സ്റ്റേഷനിൽ ഇറങ്ങി ലുലു മാളിലേക്ക് പ്രവേശിച്ച ആദ്യ യാത്രക്കാരെ മുഹമ്മദ‌് ഹനീഷും ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ നിഷാദും ചേർന്ന് സ്വീകരിച്ചു.










0 comments