21 September Friday

പഞ്ച‌്മോഡി ചലഞ്ച‌് എഐവൈഎഫ് പ്രതിഷേധം അലങ്കോലപ്പെടുത്തി ആർഎസ‌്എസ‌്; 6 പേർക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018


കളമശേരി
മോഡി ഭരണത്തിനെതിരെ എഐവൈഎഫ് പ്രവർത്തകർ എച്ച്എംടി കവലയിൽ നടത്തിയ പഞ്ച്മോഡി ചലഞ്ച് സംഘടിച്ചെത്തിയ ആർഎസ്എസുകാർ അലങ്കോലപ്പെടുത്തി. തുടർന്ന് നടന്ന സംഘർഷത്തിൽ  എഐവൈഎഫ് പ്രവർത്തകരും പൊലീസുമുൾപ്പെടെ ആറ്  പേർക്ക് പരിക്ക്.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് പഞ്ച്മോഡി ചലഞ്ച് നടത്താനിരുന്നത്. മോഡിയുടെ പ്രതിമവച്ച് അതിൽ അടിക്കുകയൊ തൊഴിക്കുകയോ ചെയ്ത് പ്രതിഷേധിക്കുകയായിരുന്നു ലക്ഷ്യം. സോഷ്യൽ മീഡിയ വഴി വലിയ പ്രചാരണമായിരുന്നു ഇതിന് നൽകിയത്. മോഡിയെ അപമാനിക്കാൻ അനുവദിക്കില്ലെന്ന നിലപാടുമായി വിവിധ പ്രദേശങ്ങളിലുള്ള ആർഎസ്എസ് ബിജെപി പ്രവർത്തകർ സംഘടിച്ചെത്തുകയായിരുന്നു. സംഘർഷമുണ്ടാകാനിടയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വലിയ പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചു.

സംഘർഷമൊഴിവാക്കുന്നതിനായി ഇരു വിഭാഗത്തോടും കളമശേരി എസ‌്ഐ  എ പ്രസാദ്  പലതവണ സംസാരിക്കുകയും പ്രതിഷേധം പൊതുയോഗത്തിലൊതുക്കാൻ  ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പഞ്ച്മോഡി ചലഞ്ച് പരിപാടിയുടെ മുന്നോടിയായി ഉദ്ഘാടന പ്രസംഗം നടന്നുകൊണ്ടിരിക്കെ ഒളിച്ചുവച്ച മോഡിയുടെ പ്രതിമ പുറത്തെടുത്തത‌് പൊലീസ്  പിടിച്ചെടുക്കുകയും ചെയ‌്തു.  ഇതേടെ ഓടിയടുത്ത ബിജെപി ആർഎസ്എസ് പ്രവർത്തകർ കൈയേറ്റത്തിന് മുതിർന്നു. ലാത്തിവീശി ഇരുവിഭാഗത്തേയും അകറ്റിയ പൊലീസിന്റെ ഇടപെടലിൽ വലിയ സംഘർഷം ഒഴിവായി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ഹരികൃഷ്ണൻ, സെക്രട്ടറി അസ‌്‌ലഫ് പാറേക്കാടൻ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് നിസാം, അഭിജിത്ത്, ഫയാസ്, അഫ്സൽ, യുവമോർച്ച പ്രവർത്തകൻ ദിലേഷ് തുടങ്ങിയവരെ  അറസ്റ്റ് ചെയ്തു. സംഘർഷത്തിനിടെ പരിക്കേറ്റ എഐവൈഎഫ് പ്രവർത്തകർ അഫ്സൽ, പൊലീസുകാരായ ജസ്റ്റിത്ത്, മനോജ്, അനസ്, എൽദൊ, മാധ്യമ പ്രവർത്തകൻ ശ്രീജിത്ത് തുടങ്ങിയവർ ഗവണ്മന്റ് മെഡിക്കൽ  കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് എഐവൈഎഫ് പ്രവർത്തകർ എച്ച്എംടി കവലയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.


പ്രധാന വാർത്തകൾ
Top