16 October Tuesday

മഴ അയഞ്ഞു ; അയവില്ലാതെ കെടുതികൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018


കൊച്ചി
മഴയുടെ ശക്തി അൽപ്പം കുറഞ്ഞെങ്കിലും മഴമൂലം ഉണ്ടായ ദുരിതങ്ങൾ ജില്ലയിൽ തുടരുകയാണ‌്. ഏലൂരിൽ മതിൽ ഇടിഞ്ഞുവീണ‌് എച്ച‌്ഐഎൽ കരാർതൊഴിലാളി സ‌്ത്രീക്ക‌് പരിക്കുപറ്റി. കാടുവെട്ടാൻ എച്ച‌്ഐഎൽ ക്വാർട്ടേഴ‌്സിൽ എത്തിയ ഉഷ (52) എന്ന സ‌്ത്രീയുടെ മുകളിലേക്ക‌് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കനത്ത മഴമൂലം അണക്കെട്ടുകൾ തുറന്നുവിട്ടതിനെത്തുടർന്ന‌് പെരിയാറിൽ ക്രമാതീതമായി വെള്ളം ഉയർന്നു. ഇതേത്തുടർന്ന‌് മണപ്പുറത്ത‌് മഹാദേവക്ഷേത്രത്തിലും വെള്ളം കയറി. മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴ ആറിലും വെള്ളം നിറഞ്ഞുകവിഞ്ഞു. മൂവാറ്റുപുഴയിലെ താഴ‌്ന്ന പ്രദേശങ്ങളായ കൊച്ചങ്ങാടി, എട്ടങ്ങാടി, സ‌്റ്റേഡിയം മാർക്കറ്റ‌്, ഇലാഹിയ കോളനി, കടാത‌ി, ആനിക്കാട്ടുകുടി കോളനി തുടങ്ങിയ സ്ഥലങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ‌്.

ചെല്ലാനത്തും മട്ടാഞ്ചേരിയിലും ശക്തിയായ കാറ്റിൽ വീടുകൾ തകർന്നു. ചെല്ലാനം പഞ്ചായത്തിൽ കുട്ടപ്പശേരി വീട്ടിൽ ജേക്കബ‌് രാജുവിന്റെ വീടിന്റെ മേൽക്കൂരയാണ‌് തകർന്നുവീണത‌്. ചെറളായി പടിഞ്ഞാറെ തെരുവിൽ ജയാനന്ദ പൈയുടെ വീടും തകർന്നുവീണു. കണ്ടെയ്നർ റോഡിൽ കോതാടുഭാഗത്ത് കുഴികളും വെള്ളക്കെട്ടുംമൂലം രൂക്ഷമായ ഗതാഗതതടസ്സം ഉണ്ടായി. നഗരത്തിൽ മഴ കുറവായിരുന്നതിനാൽ വെള്ളക്കെട്ട‌് രൂക്ഷമായിരുന്നില്ല.

ജില്ലയിൽ ആകെ 33.84 സെന്റീമീറ്റർ മഴ ലഭിച്ചു. നെടുമ്പാശേരിയിൽ 1.1 സെന്റീമീറ്ററും കൊച്ചി വ്യോമസേന വിമാനത്താവളത്തിൽ 4.14 സെന്റീമീറ്ററും മഴ ലഭിച്ചതായി കുസാറ്റ‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു‌.  10 വില്ലേജുകളിൽനിന്നു ലഭിച്ച റിപ്പോർട്ട‌് അനുസരിച്ച‌് 31 വീടുകൾക്ക‌് മഴമൂലം കേടുപാടു സംഭവിച്ചു. വ്യാഴാഴ‌്ചവരെ മഴ തുടരാനാണ‌് സാധ്യത.

പ്രധാന വാർത്തകൾ
Top