19 June Tuesday

എംജി സർവകലാശാല കലോത്സവം : കിരീടമുറപ്പിച്ച് തേവര എസ്എച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018


കൊച്ചി > എംജി സർവകലാശാല കലോത്സവത്തിന് ചൊവ്വാഴ്ച തിരശ്ശീല വീഴാനിരിക്കെ 63 പോയിന്റുമായി തേവര എസ്എച്ച് കോളേജ് കലാകിരീടം ഉറപ്പിച്ചു. തിങ്കളാഴ്ച രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തെത്തിയ നിലവിലെ ചാമ്പ്യൻമാരായ എറണാകുളം സെന്റ് തെരേസാസ് കോളജിന് 29 പോയിന്റ് മാത്രമാണുള്ളത്.

അഞ്ചിനങ്ങളിലാണ് അവസാനദിനത്തിലെ മത്സരം. 24 പോയിന്റുമായി മഹാരാജാസ് കോളജാണ് മൂന്നാംസ്ഥാനത്ത്. തിങ്കളാഴ്ച പ്രധാന വേദിയിൽ നടന്ന ദഫ്മുട്ട്, കോൽക്കളി മത്സരത്തിലെ ഒന്നാംസ്ഥാന നേട്ടത്തോടെ മാറമ്പിള്ളി എംഇഎസ് കോളേജ് അപ്രതീക്ഷിതമായി കിരീടപട്ടികയിൽ നാലാംസ്ഥാനത്തെത്തി. 20 പോയിന്റാണ് ഇവർക്കുള്ളത്. കഴിഞ്ഞവർഷത്തെ റണ്ണേഴ്സ് അപ്പായ ആർഎൽവി കോളേജ് 19 പോയിന്റുകൾ നേടി കൊച്ചിൻ കോളജിനൊപ്പം അഞ്ചാംസ്ഥാനത്താണ്.

കോൽക്കളിയിൽ മികച്ച നിലവാരം പുലർത്തിയ അവതരണങ്ങൾ കാണികളെയും വിധികർത്താക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി. എറണാകുളം മഹാരാജാസ് കേളേജിനാണ് രണ്ടാം സ്ഥാനം. കോൽക്കളിയും ദഫ്മുട്ടും നാടോടിനൃത്തവും പ്രധാന വേദിയായ രാജേന്ദ്രമൈതാനിയിൽ അരങ്ങേറിയപ്പോൾ മോഹിനിയാട്ടം പാശ്ചാത്യവൃന്ദവാദ്യം സുഷിരവാദ്യം കർണാടകസംഗീതം തുടങ്ങിയവ മഹാരാജാസിലും അരങ്ങേറി.

ചൊവ്വാഴ്ച പ്രധാന വേദിയിൽ ഗ്ലാമർ ഇനങ്ങളിലൊന്നായ ഒപ്പനയും മഹാരാജാസിൽ വെസ്റ്റേൺ സംഘഗാനമത്സരങ്ങളും അരങ്ങുതകർക്കും. വൈകിട്ട് രാജേന്ദ്രമൈതാനിയിൽ നടക്കുന്ന ചടങ്ങിൽ വിജിയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും.

പ്രധാന വാർത്തകൾ
Top