Top
19
Sunday, November 2017
About UsE-Paper

സഹോദരനെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ മറ്റൊരു സഹോദരനെ അമ്മിക്കല്ലിനിടിച്ച് കൊന്നു

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

മട്ടാഞ്ചേരി > സഹോദരനെ അമ്മിക്കലിനിടിച്ച് കൊലപ്പെടുത്തിയയാളെ തോപ്പുംപടി പൊലീസ് പിടികൂടി. ചുള്ളിക്കല്‍ മദര്‍ തെരേസ ജങ്ഷനില്‍ വാരിക്കാട്ട് വീട്ടില്‍ ബാബുവെന്ന് വിളിക്കുന്ന വിന്‍സന്റി (56)നെയാണ് പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി അനീഷ്, തോപ്പുംപടി എസ്ഐ സി ബിനു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്ചെയ്തത്. ഇയാളുടെ സഹോദരനായ നെല്‍സനെ(43)യാണ് കൊലപ്പെടുത്തിയത്. മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുമാസം മുമ്പാണ് വിന്‍സന്റ് ജാമ്യത്തിലിറങ്ങിയത്.

വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അവിവാഹിതനായ നെല്‍സനും പ്രായമായ മാതാവ് ലീലയും വിന്‍സന്റും ഒരുവീട്ടിലാണ് താമസം. രാത്രി മദ്യപിച്ച് നെല്‍സനുമായി വഴക്കിട്ട വിന്‍സന്റ് അമ്മിക്കല്ലെടുത്ത് നെല്‍സന്റെ നെഞ്ചിലും തോളെല്ലിലും തലയുടെ പിന്‍ഭാഗത്തും ഇടിച്ചു. മൂന്ന് വാരിയെല്ലുകളും തോളെല്ലും തകര്‍ന്ന നെല്‍സനെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസ് ആദ്യം കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും പത്തോടെ മരിച്ചു. ഹൃദയത്തിനേറ്റ ആഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം വീടിന് സമീപത്തെ നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഒളിച്ചിരുന്ന വിന്‍സന്റിനെ പുലര്‍ച്ചെ തോപ്പുംപടിയില്‍നിന്ന് ബസുകയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു.

കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ മറ്റൊരു സഹോദരനായ മില്‍ട്ടനെ സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. മൃതദേഹം വീട്ടിലെ മുറിക്കുള്ളില്‍ ഒളിപ്പിച്ചശേഷം കര്‍ണ്ണാടക ഉള്‍പ്പെടുയുള്ള സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് പൊലീസ് അറസ്റ്റ്ചെയ്തത്. റിമാന്‍ഡില്‍ കഴിയവേ നാലുമാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ചോദ്യംചെയ്യലിനുശേഷം പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തി. ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തിയിരുന്നു. അമ്മിക്കല്ല് വീട്ടിലെ അലമാരയുടെ പിറകില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കണ്ണൂരിലെ മൂന്നുവയസുകാരിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. മട്ടാഞ്ചേരി അസി. കമീഷ്ണര്‍ വിജയന്‍, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ജി അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾ »