25 September Tuesday

അജയ്യമായി അഭിമന്യുവിന്റെ പ്രസ്ഥാനം; ജില്ലയിൽ എസ്എഫ്ഐ തേരോട്ടം

സ്വന്തം ലേഖകൻUpdated: Wednesday Sep 12, 2018

കൊച്ചി > ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 49 കോളേജുകളിൽ 45 ലും  എസ്എഫ്ഐ ഉജ്വല വിജയത്തോടെ യൂണിയൻ സ്വന്തമാക്കി. 96ൽ 89 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരും എസ്എഫ്ഐക്ക‌്. ‘സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

27 കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. എറണാകുളം മഹാരാജാസ്, ഗവ. ലോ കോളേജ്, തൃപ്പൂണിത്തുറ ആർഎൽവി, ഗവ. സംസ്കൃത കോളേജ് തൃപ്പൂണിത്തുറ, ഗവ. ആർട്സ് കോളേജ് തൃപ്പൂണിത്തുറ, ഗവ. കോളേജ് വൈപ്പിൻ, ഐഎച്ച്ആർഡി കോളേജ് കുന്നുകര, അക്വിനാസ് കോളേജ്, പള്ളുരുത്തി സിയന്ന, എസ്എൻ ലോ കോളേജ് പൂത്തോട്ട, എസ്എസ് കോളേജ് പൂത്തോട്ട, നിർമല കോളേജ് മുളന്തുരുത്തി, എസ്എസ്‌വി  ഐരാപുരം, സിഇടി കോളേജ് ഐരാപുരം, മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം, യെൽദോ മാർ ബസേലിയോസ് കോളേജ് കോതമംഗലം, മൗണ്ട് കാർമൽ കറുകടം, ഇന്ദിരാഗാന്ധി കോളേജ് നെല്ലിക്കുഴി, മാർ ഏലിയാസ് കോട്ടപ്പടി, സെന്റ് ആൻസ് അങ്കമാലി, സിസ്റ്റ് കോളേജ് അങ്കമാലി, കെഎംഎം തൃക്കാക്കര, എസ്എൻ ജിസ്റ്റ്, എംഇഎസ് മാറമ്പിള്ളി, ജയ് ഭാരത് അറയ്ക്കപ്പടി, എസ‌്സിഎസ് നേര്യമംഗലം, എസ്എൻജി പൈങ്ങോട്ടൂർ എന്നീ കോളേജുകളിലാണ‌് മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചത‌്.

നേരത്തെ സെന്റ് ആൽബർട്സ് കോളേജിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. കൊച്ചിൻ കോളേജ് കെഎസ‌്‌യുവിൽനിന്നും എംഇഎസ് മാറമ്പിള്ളി, ജയ് ഭാരത് അറയ്ക്കപ്പടി എന്നീ കോളേജുകൾ കെഎസ്‌യു ﹣എസ്എഫ് സഖ്യത്തിൽനിന്നും തിരിച്ചുപിടിച്ചു.
കെഎ‌സ‌്‌യുവിനു സ്വന്തംനിലയിൽ ജില്ലയിൽ ഒരു കോളേജ‌് യൂണിയൻപോലും നേടാൻ കഴിഞ്ഞില്ല. അങ്കമാലി എസ‌്എംഇ കോളേജിൽ അഞ്ചു സീറ്റ‌് എസ‌്എഫ‌്ഐക്കും അഞ്ചു സീറ്റ‌് കെഎസ‌്‌യുവിനും ലഭിച്ചു. രണ്ട‌് കോളേജുകളിൽ കെഎസ‌്‌യു﹣ എബിവിപി﹣ എഐഎസ‌്എഫ‌്﹣ ഫ്രറ്റേണിറ്റി സഖ്യമാണ‌് വിജയിച്ചത‌്. മൂവാറ്റുപുഴയിലെ നിർമല കോളേജിലും ഇലാഹിയ കോളേജിലുമാണ‌് അവിശുദ്ധസഖ്യം വിജയിച്ചത‌്. ഒരു കോളേജ‌ിൽ സ്വതന്ത്ര വിദ്യാർഥിസംഘം വിജയിച്ചു.

വർഗീയവാദികളുടെ കൊലക്കത്തിക്കിരയായ മഹാരാജാസിലെ  അഭിമന്യു ഉയർത്തിപ്പിടിച്ച ‘വർഗീയത തുലയട്ടെ’ എന്ന സാർഥകമായ മുദ്രവാക്യം അന്വർഥമാക്കിയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ  വിജയക്കൊടി പാറിച്ചത്. മഹാരാജാസിലടക്കം വർഗീയകക്ഷികൾക്ക‌് വലിയ തിരിച്ചടിയാണ‌് ഉണ്ടായത‌്. എസ്എഫ്ഐ സ്ഥാനാർഥികളെ വിജയിപ്പിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top