Top
21
Friday, July 2017
About UsE-Paper

തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറന്നു

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ പാര്‍വതീദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ അകവൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടില്‍നിന്ന് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, പി ജി സുധാകരന്‍, എസ് ശ്രീകുമാര്‍, ഉണ്ണി മാടവന എന്നിവര്‍ ഏറ്റുവാങ്ങുന്നു

കാലടി > തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വതീദേവിയുടെ നട തുറന്നു. ധനുമാസത്തിലെ തിരുവാതിരമുതല്‍ 12 ദിവസമാണ് ഇവിടെ ദേവിയുടെ നടതുറപ്പുത്സവം ആഘോഷിക്കുന്നത്. അകവൂര്‍ മനയില്‍നിന്നുള്ള തിരുവാഭരണഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നശേഷം രാത്രി എട്ടോടെയാണ് നടതുറപ്പു ചടങ്ങകള്‍ ആരംഭിച്ചത്. 

വൈകിട്ട് നാലോടെ അകവൂര്‍ മനയില്‍നിന്ന് തിരുവാഭരണ രഥഘോഷയാത്ര പുറപ്പെട്ടു. അകവൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടില്‍നിന്ന് ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് അകവൂര്‍ കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, സെക്രട്ടറി പി ജി സുധാകരന്‍, വൈസ് പ്രസിഡന്റ് എസ് ശ്രീകുമാര്‍, ജോയിന്റ് സെക്രട്ടറി ഉണ്ണി മാടവന എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അകവൂര്‍ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്കുശേഷം മനയിലെ കാരണവര്‍ കെടാവിളക്കില്‍നിന്ന് ദീപം രഥത്തിലെ തിരുവാഭരണ അലങ്കാരങ്ങള്‍ക്കുമുന്നില്‍ കൊളുത്തി.

വാദ്യമേളങ്ങളുടെയു കാവടികളുടെയും അകമ്പടിയോടെ  ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഉടനെ നടതുറപ്പിനുള്ള ആചാരങ്ങള്‍ക്കു തുടക്കമായി. നടതുറപ്പ്, നടയടപ്പ് ആചാരങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന ശ്രീപാര്‍വതീദേവിയുടെ പ്രിയതോഴി പുഷ്പിണിയും ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനകളിലെ പ്രതിനിധികളും ഉത്സവനടത്തിപ്പിനുവേണ്ടിയുള്ള സമുദായ തിരുമേനിയായ ചെറുമുക്ക് വൈദികന്‍ വാസുദേവന്‍ അക്കിത്തിരിപ്പാടും നടയിലെത്തി. പുഷ്പിണിയായി സങ്കല്‍പ്പിക്കപ്പെടുന്ന എടനാട് അല്ലിമംഗലം കുടുംബാംഗം തങ്കമണി ബ്രാഹ്മണിയമ്മ ആചാരപ്രകാരം ഊരാണ്മക്കാര് എത്തിയിട്ടുണ്ടോയെന്ന് വിളിച്ചുചൊല്ലി ഉറപ്പാക്കി. അകത്തുള്ള ദേവിക്ക് വിളക്കുവയ്പും അലങ്കാരങ്ങളും പൂര്‍ത്തിയായി എന്ന വിവരം ലഭിച്ചതോടെ പുഷ്പിണിയുടെ അനുവാദത്തോടെ ഒരുവര്‍ഷത്തെ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് സര്‍വാഭരണവിഭൂഷിതയായ ദേവിയുടെ നട തുറന്നു.

ദര്‍ശനത്തിനുശേഷം ദേവിയെ ശ്രീകോവിലില്‍നിന്ന് പാട്ടുപുരയിലേക്ക് എഴുന്നള്ളിച്ചിരുത്തി. തുടര്‍ന്ന് നിവേദ്യപൂജ നടത്തി. ആചാരപ്രകാരം തിരുവാതിര രാത്രി മുഴുവന്‍ ഇവിടെ കഴിയുന്ന ദേവിക്ക് തോഴി ബ്രാഹ്മണിയമ്മ പാട്ടും ശീലുകളുമായി ഉറക്കമൊഴിഞ്ഞ് കൂട്ടിരിക്കും. 22 വരെയാണ് ഈ വര്‍ഷത്തെ ദര്‍ശനോത്സവം. രാവിലെ നാലുമുതല്‍ 1.30 വരെയും വൈകിട്ട് നാലുമുതല്‍ 8.30 വരെയുമാണ് ദര്‍ശനസമയം. 22ന് രാത്രി എട്ടിന് നട അടയ്ക്കും.

Related News

കൂടുതൽ വാർത്തകൾ »