14 December Friday

കുടിവെള്ളപദ്ധതികളിൽ പമ്പിങ്‌ നിയന്ത്രണം ; ആലുവയിൽ ചളി കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

കൊച്ചി
പെരിയാറിലും കൈവഴികളിലും ജലനിരപ്പുയർന്നതോടെ കുടിവെള്ളവിതരണ പദ്ധതികളിലെ പമ്പിങ്ങിൽ  ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്തി. ആലുവ പമ്പ്ഹൗസിൽനിന്നുള്ള കുടിവെള്ളവിതരണത്തിൽ 20 ശതമാനം കുറവു വരുത്തി. പ്രതിദിനം 290 ദശലക്ഷം ലിറ്റർ വെള്ളമാണ് ആലുവയിൽനിന്ന് വിതരണംചെയ്യുന്നത്. ഇത് 238 ദശലക്ഷം ലിറ്ററായാണ‌് കുറച്ചത‌്. ആലുവയിൽ വ്യാഴാഴ്‌ച ചെളിയുടെ അളവ്‌ 400 എൻടിയു ആയിരുന്നത്‌ വെള്ളിയാഴ്‌ച ഗണ്യമായി കുറഞ്ഞു. 190 എൻടിയു ആണ്‌ നിലവിലെ ചെളിയുടെ അളവ്‌. ജല ഉപയോഗത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് കലക്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ള അഭ്യർഥിച്ചു. ആലുവ, കീഴ്മാട്, ചൂർണിക്കര, കളമശേരി, തൃക്കാക്കര, കൊച്ചി കോർപറേഷൻ, മുളവുകാട്, ഞാറക്കൽ, എളങ്കുന്നപ്പുഴ, ചേരാനല്ലൂർ എന്നിവിടങ്ങളിലേക്കാണ് ആലുവയിൽനിന്ന് കുടിവെള്ളമെത്തിക്കുന്നത്.

വാട്ടർഅതോറിറ്റിയുടെ  മൂവാറ്റുപുഴ ഡിവിഷനിലെ കുട്ടമ്പുഴ  ശുദ്ധജലവിതരണ പദ്ധതിയിൽനിന്നുള്ള പമ്പിങ‌് താൽക്കാലികമായി നിർത്തിവച്ചു.  1.5 എംഎൽഡി വെള്ളമാണ‌് ഇവിടെനിന്ന‌് പമ്പ‌് ചെയ‌്തിരുന്നത‌്.  കുട്ടമ്പുഴ നേര്യമംഗലം കുടിവെള്ളപദ്ധതി, പിണ്ടിമന പദ്ധതി, കോട്ടപ്പടി പേഴാട് പദ്ധതി എന്നിവയിലെ പമ്പിങ്ങും താൽക്കാലികമായി നിർത്തി.

കുട്ടമ്പുഴ, കവളങ്ങട്, കീരമ്പാറ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ കുടിവെള്ളവിതരണമാണ് തടസ്സപ്പെട്ടിരിക്കുന്നത്. പെരിയാറിലെ ജലനിരപ്പ് പമ്പുഹൗസുകളിലെ തറനിരപ്പിനടുത്ത് എത്തിയിട്ടുണ്ട്. കുട്ടമ്പുഴയിൽ 1.4  മീറ്ററും തട്ടേക്കാട് 1.2 മീറ്ററും പിണ്ടിമനയിൽ 1.5 മീറ്ററും പേഴാട് 1.4 മീറ്ററും താഴെയാണ‌് ജലനിരപ്പ‌്.  ക്രമാതീതമായ കലക്കൽമൂലമാണ് കീരമ്പാറ (തട്ടേക്കാട്), കോട്ടപടി പദ്ധതികളിലെ പമ്പിങ‌് നിർത്തിയത്. ജലനിരപ്പ‌് താഴ‌്ന്നാൽ പമ്പിങ‌് പുനരാരംഭിക്കും.

പ്രധാന വാർത്തകൾ
Top