16 November Friday

പട്ടികജാതി കോളനികൾ നവീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018


കോതമംഗലം
മണ്ഡലത്തിലെ പട്ടികജാതി കോളനികൾ നവീകരിക്കുമെന്ന്    മന്ത്രി  എ കെ ബാലൻ നിയമസഭയിൽ അറിയിച്ചു. മണ്ഡലത്തിലെ പട്ടികവർഗ കോളനികളിലെ പരിമിതമായ അവസ്ഥ ചൂണ്ടിക്കാണിച്ച് കോളനികൾ നവീകരിക്കേണ്ട ആവശ്യകതയും കോളനികളിൽ നടപ്പാക്കേണ്ട പദ്ധതികളും ഉന്നയിച്ച‌് ആന്റണി ജോൺ എംഎൽഎയുടെ  ചോദ്യത്തിന് മറുപടി  പറയുകയായിരുന്നു മന്ത്രി.

  മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്ന കോട്ടപ്പടി പഞ്ചായത്തിലെ മുന്തൂർ കോളനിയും, കീരമ്പാറ പഞ്ചായത്തിലെ ഏറുപുറം കോളനിയുമാണ് ആദ്യഘട്ടമായി നവീകരിക്കുന്നത്. അബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം രണ്ട് കോളനികളുടെയും നവീകരണത്തിന‌് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മുന്തൂർ കോളനിയിൽ 52 പട്ടികജാതി കുടുംബങ്ങളും, ഏറുപുറം കോളനിയിൽ 42 പട്ടികജാതി കുടുംബങ്ങളും താമസിക്കുന്നുണ്ട്. ഗതാഗത സൗകര്യം, കുടിവെള്ള വിതരണം, ശുചിത്വ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രണ്ട് കോളനികളിലും നടപ്പാക്കും.

ഇതിന്റെ ഭാഗമായി മുന്തൂർ കോളനിയിൽ കിണർ നിർമാണം, വാട്ടർ ടാങ്ക് , പമ്പ് ഹൗസ്, വിജ്ഞാനവാടിയുടെ നവീകരണം, റോഡ് ടാറിങ് ,വീട് മെയ്ന്റനൻസ്, സംരക്ഷണ ഭിത്തി അടക്കമുള്ള പ്രവൃത്തികൾ നടപ്പാക്കും. ഏറുപുറം കോളനിയിൽ കൽവെർട്ട‌് നിർമാണം, റോഡ് കോൺക്രീറ്റിങ്, സംരക്ഷണഭിത്തി നിർമാണം, കിണറുകളുടെ നവീകരണം, കൺസ്ട്രക്ഷൻ ഓഫ് വെയിർ, വീട് മെയിന്റനൻസ് തുടങ്ങിയ പ്രവൃത്തികളും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

നിർവഹണ ഏജൻസിയായി പൊതുമേഖലാ സ്ഥാപനമായ എഫ്ഐടിയെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. പ്രൈസ് സോഫ്റ്റ് വെയറിൽ എസ്റ്റിമേറ്റ് ലഭ്യമായാൽ ഉടൻ അംഗീകാരം നൽകി ധാരണപത്രം ഒപ്പിട്ട് ആറ‌് മാസത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുവാൻ കഴിയുമെന്നും മന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top