Top
18
Wednesday, October 2017
About UsE-Paper

നോട്ടു നിരോധനമറിയാതെ സതി, വിലയില്ലാതായത് നാലുലക്ഷത്തിന്റെ നോട്ടുകള്‍

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
സതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നു

വരാപ്പുഴ > ഒറ്റയ്ക്കു താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടില്‍നിന്ന് നാലുലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു. വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പില്‍ സതി (75)യുടെ വീട്ടില്‍നിന്നാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിച്ച നോട്ടുകള്‍ വരാപ്പുഴ പൊലീസ് പിടിച്ചെടുത്തത്.

വരാപ്പുഴ എസ്ഐ ഷാരോണിന്റെ നേതൃത്വത്തിലാണ് വനിതാ പൊലീസ് ഉള്‍പ്പെടുന്ന സംഘം വീട്ടിലെത്തി പരിശോധിച്ച് സ്റ്റീല്‍ അലമാരയിലെ പ്ളാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്. ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും മറ്റു ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ നോട്ടുകെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി.

ആയിരം രൂപയുടെ 130 നോട്ടുകളും അഞ്ഞൂറിന്റെ 540 നോട്ടുകളും ഉള്‍പ്പെടെ നാലുലക്ഷം രൂപ കണ്ടെടുത്തു. സതി മൃഗാശുപത്രിയില്‍ അറ്റന്‍ഡറായി ജോലിചെയ്യുകയാണ്. ഇവരുടെ ഭര്‍ത്താവും മകളും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു.

പണം കോടതിയില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വരാപ്പുഴ പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം നോട്ടുകള്‍ ഇവരുടെ വീട്ടിലുണ്ടെന്നറിഞ്ഞ് പഞ്ചായത്ത് ജാഗ്രതാസമിതി ചേര്‍ന്ന് പ്രശ്നം ചര്‍ച്ചചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ ഇവരുടെ വീട്ടിലെത്തി നിരോധിച്ച നോട്ടുകള്‍ ബാങ്കിലേക്ക് കൊടുത്ത് പുതിയ നോട്ടുകളാക്കാന്‍ ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, ഇവര്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ മടങ്ങുകയായിരുന്നു.

മറ്റു ബന്ധുക്കളാരുമില്ലാത്ത സ്ത്രീ മനോദൌര്‍ബല്യം പ്രകടിപ്പിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരെയും സംശയത്തോടെ കാണുന്ന ഇവര്‍ ആരെയും വീടിന്റെ ഭാഗത്തേക്കുവരാന്‍ അനുവദിച്ചിരുന്നില്ല.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!