Top
18
Monday, December 2017
About UsE-Paper

കുഴുപ്പിള്ളിയില്‍ കോണ്‍ഗ്രസിന്റെ നീക്കം ബാങ്ക് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

വൈപ്പിന്‍ > നവംബര്‍ 29നു നടന്ന കുഴുപ്പിള്ളി പഞ്ചായത്ത് കമ്മിറ്റിയില്‍ðഅവതരിപ്പിച്ച അടിയന്തരപ്രമേയം സിപിഐ എം, സിപിഐ അംഗങ്ങള്‍ അംഗീകരിക്കുകയും കോണ്‍ഗ്രസും ബിജെപിയും ഒത്തുനിന്ന് എതിര്‍ത്ത് ഇറങ്ങിപ്പോകുകയുമാണുണ്ടായതെന്ന് പ്രസിഡന്റ് രജിത സജീവും വൈസ് പ്രസിഡന്റ് കെ എ ശിവനും പ്രസ്താവനയില്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ സിപിഐ എം, സിപിഐ തര്‍ക്കമാക്കി ഇതിനെ വ്യാഖ്യാനിക്കുന്നത് അടുത്തുനടക്കുന്ന സഹകരണബാങ്ക് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്.  

പഞ്ചായത്തംഗം എന്നതിനേക്കാള്‍ ഒരു സ്ത്രീക്കെതിരെ നടന്ന അക്രമത്തിനെതിരെ ജനപ്രതിനിധികള്‍ പ്രതിഷേധിക്കേണ്ടതിനു  പകരം സ്തീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന നിലപാടാണ് വാക്കൌട്ടിലൂടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്.

കമ്മിറ്റിയില്‍ðമുന്‍ പ്രസിഡന്റ് സിന്ധു രാജേഷ് അവതരിപ്പിച്ച പ്രമേയത്തില്‍ കാര്യങ്ങള്‍ വിശദമായി പ്രതിപാദിച്ചിരുന്നു. പ്രമേയത്തില്‍ ഊന്നി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് അംഗങ്ങളോട് അഭ്യര്‍ഥിച്ചപ്പോള്‍ അതിനു തയ്യാറാകാതെ ഇറങ്ങിപ്പോവുകയാണ് കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ ചെയ്തത്. തുടര്‍ന്ന് സിപിഐ അംഗങ്ങളായ വൈസ് പ്രസിഡന്റ് കെ എ ശിവനും സിന്ധു രാജേഷും ഉള്‍പ്പെടെ പ്രമേയത്തിന് അനുകൂല നിലപാടു സ്വീകരിക്കുകയും പ്രമേയം പാസാവുകയുംചെയ്തു.

ജനാധിപത്യപരമായ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിച്ചാണ് കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതിയും മുന്നോട്ടുപോകുന്നത്. രാഷ്ട്രീയത്തിനതീതമായ നിലപാടാണ് പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കുന്നത്. ഈ സാഹചര്യം ഇല്ലായ്മചെയ്ത് അംഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കി പഞ്ചായത്തിന്റെ പൊതുവികസനത്തെപ്പോലും ബാധിക്കുന്നതരത്തില്‍ കേവലം വോട്ടുമാത്രം ലക്ഷ്യമാക്കിയുള്ള കോണ്‍ഗ്രസിന്റെ നിലപാട് ജനങ്ങള്‍ തിരിച്ചറിയണം. പഞ്ചായത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കിയാണ് മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു.