14 November Wednesday

ദുരിതബാധിതർക്ക‌് താങ്ങേകി ചുമട്ടുതൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018


തൃക്കാക്കര
ദുരിതബാധിതരെ സഹായിക്കാൻ തോളോട് തോൾ ചേർന്ന് ചുമട്ടുതൊഴിലാളികൾ. ഒരു രൂപ പോലും കൂലി വാങ്ങാതെയാണ് കളമശേരി ഏരിയയിലെ തെരഞ്ഞെടുക്കപ്പെട്ട ചുമട്ട് തൊഴിലാളികൾ നിത്യോപയോഗ സാധനങ്ങളുടെ കയറ്റിറക്കൽ സൗജന്യമായി നടത്തിയത്. മൂന്നാഴ‌്ചയോളമായി രാവിലെ എട്ട‌്  മുതൽ വൈകിട്ട് ആറ് വരെയും ചില ദിവസങ്ങളിൽ ഒമ്പത‌് മണിവരെയുമാണ് തൊഴിലെടുത്തത്.

കൊച്ചിയിൽ നിന്നെത്തിയ സാധനങ്ങൾ കാക്കനാട് കമ്യൂണിറ്റി ഹാൾ, കാക്കനാട് കെബിപിഎസ‌്, കലക്ടറേറ്റ‌് ഷട്ടിൽ കോർട്ട് എന്നിവിടങ്ങളിൽ ഇറക്കിവയ്ക്കുകയും അവിടെനിന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ക്യാമ്പുകളിലേക്ക് കയറ്റി കൊടുക്കുന്നതും ഹെഡ് ലോഡ് ആൻഡ‌് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) അംഗങ്ങളായ തൊഴിലാളികളായിരുന്നു. ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് ചാക്കുകളിലെത്തുന്ന അരി, പയർ, പരിപ്പ്, കടല, റവ, മൈദ, ആട്ട, സവാള, ഉരുളക്കിഴങ്ങ് മുതലായവയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ കയറ്റിറക്കലുമാണ് തൊഴിലാളികൾ നടത്തിയത്.

മൂന്നാഴ്ച സേവനം നടത്തിയ ഇവരെ മന്ത്രി എ സി മൊയ്തീൻ, കലക്ടർ കെ മുഹമ്മദ് സഫീറുള്ള, സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ എന്നിവരെത്തി അനുമോദിച്ചു. യൂണിയൻ നേതാക്കളായ എം എ മോഹനൻ, കെ വി അഷറഫ്, കെ കെ സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top