17 November Saturday

കൊച്ചി മെട്രോ സ്ഥിരം യാത്രക്കാർക്കുള്ള പാസ‌് പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


കൊച്ചി
കൊച്ചി മെട്രോയുടെ സ്ഥിരം യാത്രക്കാർക്കുള്ള പാസുകൾ പുറത്തിറക്കി. ഒരു വർഷത്തിനിടെ മെട്രോയിൽ ഏറ്റവുമധികം യാത്ര നടത്തിയവരിൽ ഒരാളായ സി ആർ നുബജിന് 60 ട്രിപ്പിന്റെ പാസ് കൈമാറി കെഎംആർഎൽ എംഡി  എ പി എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം നിർവഹിച്ചു. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആക്സിസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ‌് സഞ്ജീവ് മോഘെ പങ്കെടുത്തു. 

ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, മഹാരാജാസ് സ്റ്റേഷനുകളിൽനിന്നു മാത്രമാണ് പാസുകൾ വിതരണം ചെയ്യുക. പ്രതിമാസ, ദ്വൈമാസ പാസുകളാണ് തയ്യാറാക്കിയിട്ടുള്ളത് . പ്രതിമാസ പാസിൽ ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവു ലഭിക്കും. 30 ട്രിപ്പുകൾ യാത്ര ചെയ്യാം.

  ദ്വൈമാസ പാസിൽ 33 ശതമാനം ഇളവിൽ 60 ട്രിപ്പുകൾ പോകാം. യാത്രക്കാർ നിർദേശിക്കുന്ന രണ്ടു സ്റ്റേഷനുകൾ ക്കിടയിലാണ് പാസുകൾ നൽകുക. നിശ്ചിത തുക നിലനിർത്തിയിട്ടുള്ള കൊച്ചി വൺ കാർഡ് ഉടമകൾക്കു മാത്രമാണ് പാസ് നൽകുക. ആവശ്യത്തിന് തുകയില്ലെങ്കിൽ ടോപ് അപ‌് ചെയ്യണം. പാസിന്റെ കാലാവധി, നൽകുന്ന ദിവസം മുതൽ ആരംഭിക്കും. ആക്സിസ് ബാങ്കിന്റെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്

ജലമെട്രോയ‌്ക്ക‌് അലൂമിനിയം ബോട്ടുകളും
കൊച്ചി
കൊച്ചി മെട്രോയ‌്ക്ക‌് അനുബന്ധമായുള്ള ജലമെട്രോ പദ്ധതിയിൽ സ്റ്റീൽ ബോട്ടുകൾക്കു പുറമെ അലൂമിനിയം ബോട്ടുകൾകൂടി ഉൾപ്പെടുത്താൻ തീരുമാനം.  ജലമെട്രോയ‌്ക്ക‌് അനുയോജ്യമായ ബോട്ടുകളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ആഗോള ഏജൻസി  ഡിഎൻവിജിഎൽ കമ്പനിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
ചെലവു കുറവ‌്,  അറ്റകുറ്റപ്പണി എളുപ്പം എന്നിവ കണക്കിലെടുത്താണ‌് സ്റ്റീൽ ബോട്ടുകൾ മതി  എന്നു തീരുമാനിച്ചത്. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ അലൂമിനിയം ബോട്ടുകളുടെ ഇൗടും ഉൗർജ ഉപഭോഗം പോലെ മറ്റു ഘടകങ്ങളുടെ ലാഭവും പരിഗണിക്കണമെന്നു നിർദേശിച്ചു.

സ്റ്റീൽ, ഫൈബർ, അലൂമിനിയം എന്നിവ ഉപയോഗിച്ച‌് നിർമിച്ച മൂന്നുതരം ബോട്ടുകളാണ‌് ആദ്യഘട്ടത്തിൽ പരിഗണിച്ചത്. ഇതിൽ ഫൈബർ ബോട്ട് വേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ആദ്യഘട്ടത്തിൽ 36 ബോട്ടുകളാണു വാങ്ങുന്നത്.
കൊച്ചി നഗരത്തിനു സമീപമുള്ള ദ്വീപുകളിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു കെഎംആർഎൽ  747 കോടി രൂപ ചെലവിലാണ‌് വാട്ടർമെട്രോ പദ്ധതി തയ്യാറാക്കുന്നത‌്. ഇതിൽ 597 കോടി രൂപ ജർമൻ വികസന ബാങ്കിൽ നിന്നുള്ള വായ്പയാണ്.  2019 ജൂണോടെ ജലമെട്രോ സർവീസ് ആരംഭിക്കാനാണു തീരുമാനം. ആദ്യഘട്ടത്തിൽ ഏഴു റൂട്ടുകളും 16 ജെട്ടികളുമാണ‌് തയ്യാറാക്കുക. പദ്ധതി പൂർത്തിയാകുമ്പോൾ 16 റൂട്ടുകൾ, 38 ജെട്ടികൾ, 78 ബോട്ടുകൾ, 75 കിലോമീറ്റർ ദൂരത്തിൽ റൂട്ട‌് എന്നിവയുണ്ടാകും. വൈ ഫൈ, എയർ കണ്ടീഷൻ സൗകര്യങ്ങളുള്ള ബോട്ടുകളാണ‌് ജലമെട്രോയിൽ ഉണ്ടാവുക.

പ്രധാന വാർത്തകൾ
Top