15 November Thursday

മത്സ്യമേഖലയ‌്ക്ക‌് നഷ്ടം 63.20 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


കൊച്ചി
ജില്ലയിലെ പ്രളയബാധിത മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും  പ്രാഥമിക കണക്കെടുപ്പിൽ  63,20,72,988 രൂപയുടെ നഷ്ടം. ബോട്ടുകൾക്കും വള്ളങ്ങൾക്കും കേടുപാട് സംഭവിച്ചതിനാൽ പലർക്കും മത്സ്യ ബന്ധനത്തിന് പോകാൻ പറ്റാത്ത അവസ്ഥയുമാണ്.  മത്സ്യബന്ധന മേഖലയിലെ നാശനഷ്ടക്കണക്ക് എറണാകുളം ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് മുഖേനയാണ് ശേഖരിക്കുന്നത്.  

പുത്തൻവേലിക്കര, കടമക്കുടി, ചേന്ദമംഗലം, കൊച്ചുതുരുത്ത്, കോട്ടയിൽ കോവിലകം, കൂനമ്മാവ്, തട്ടാംപടി, വെള്ളോട്ടുപുറം, പട്ടണം, ഏഴിക്കര, ചിറ്റാറ്റുകര, ഏലൂർ, അയിരൂർ വടക്കേക്കര, ആലങ്ങാട്, കൊങ്ങോർപ്പിള്ളി, എടയാർ, മുപ്പത്തടം, പാനായിക്കുളം, മേത്തല, മാഞ്ഞാലി, നീറിക്കോട്, തുരുത്തിപ്പുറം, മൂത്തകുന്നം, ചെറായി, കുഞ്ഞിത്തൈ, കൂട്ടുകാട്, ചക്കമശേരി, വടക്കുംപുറം, പാലിയംതുരുത്ത്, കരിമ്പാടം, കുമാരമംഗലം, കുത്തിയതോട്, പഴമ്പിള്ളിത്തുരുത്ത്, ഗോതുരുത്ത്, കോട്ടയിൽ, തെക്കുംപുറം എന്നീ പ്രദേശങ്ങളിലെയും മറ്റു ഉൾനാടൻ പ്രദേശങ്ങളിലെയും  മത്സ്യത്തൊഴിലാളികളേയും മത്സ്യകർഷകരേയുമാണ് പ്രളയം പ്രതികൂലമായി ബാധിച്ചത്. പല  മത്സ്യകർഷകരുടെ ഫാമുകളും കൂടുകൃഷികളും പൂർണമായും ഭാഗീകമായും നശിച്ചിട്ടുണ്ട്.

പല ഫാമുകളിലും വളർത്തിയിരുന്ന മത്സ്യങ്ങൾ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയി. പ്രളയത്തിൽ  മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ വെള്ളം കയറി വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ശക്തമായ വെള്ളപ്പൊക്കത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾ  നഷ്ടപ്പെടുകയും   ഉപയോഗശൂന്യമാവുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ 126 വീടുകൾ പൂർണമായും തകർന്നു.  ഏതാണ്ട്  5,06,75,000 രൂപയുടെ നാശമാണ‌് ഇതിലൂടെ ഉണ്ടായത‌്. 239 വീടുകൾ  ഭാഗികമായി തകർന്ന് 9,27,20,000 രൂപയുടെ നഷ്ടമുണ്ടായി.
368 വീടുകളിലായി 25,99,750 രൂപയുടെ  വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു.  41 വള്ളത്തിനും, ചെറുവഞ്ചികൾക്കുമായി  3,80,000 രൂപയുടെ നാശനഷ്ടവും ഉണ്ടായി.

നൂറോളം ലൈസൻസുള്ള വലകൾക്കും മറ്റു ചെറുവലകൾക്കുമായി 12,53,500 രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത 148 വലകൾക്ക്  11,84,000 രൂപയുടെ നഷ്ടവും ഉണ്ടായി. എൻജിൻ തകർന്ന ഒരു ബോട്ടിന് പതിനായിരം രൂപയുടെ നാശനഷ്ടവും സംഭവിച്ചു.

പ്രളയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം 250 മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. എസ് ശർമ എംഎൽഎ യുടെയും ഫിഷറീസ് മേഖലാ ഡപ്യൂട്ടി ഡയറക്ടർ എസ്  മഹേഷിന്റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. കാളമുക്ക്, ചെല്ലാനം ഹാർബറുകളിൽനിന്ന‌് കര, ജലമാർഗങ്ങളിലുടെയാണ് പ്രളയമേഖലകളിലേക്ക് ബോട്ടുകളും വള്ളങ്ങളും എത്തിച്ചത്. കാളമുക്ക് ഹാർബർ കേന്ദ്രീകരിച്ചായിരുന്നു ഫിഷറീസ് വകുപ്പിന്റെ  രക്ഷാപ്രവർത്തനങ്ങൾ. ഏകദേശം 25,184 പേരെയാണ് മത്സ്യത്തൊഴിലാളികൾ  സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.  രക്ഷാപ്രവർത്തനത്തിന് ചെല്ലാനം, ഞാറയ്ക്കൽ, വൈപ്പിൻ, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, നായരമ്പലം എന്നീ പ്രദേശങ്ങളിൽ നിന്നും  879 മൽസ്യത്തൊഴിലാളികൾ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top