Top
20
Saturday, January 2018
About UsE-Paper

ഡോക്ടര്‍മാരുടെ സമരം ജില്ലയില്‍ പൂര്‍ണം

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌


കൊച്ചി > ദേശീയ മെഡിക്കല്‍ കമീഷന്‍ ബില്ലിനെതിരെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ ആഹ്വാനംചെയ്ത ഒപി ബഹിഷ്കരണം ജില്ലയില്‍ ഏതാണ്ട് പൂര്‍ണം. ചികിത്സതേടി എത്തിയ രോഗികള്‍ വലഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ മിക്കവാറും ഒപികള്‍ പ്രവര്‍ത്തിച്ചില്ല.

സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ 10 വരെ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ചു. എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ എത്തിയ രോഗികളെ ശുശ്രൂഷിക്കാന്‍ എല്ലാ ആശുപത്രികളിലും അത്യാഹിതവിഭാഗങ്ങള്‍ സജ്ജമായിരുന്നു. ജില്ലയില്‍ സര്‍ക്കാര്‍മേഖലയില്‍നിന്ന് 500 ഡോക്ടര്‍മാരാണ് സമരത്തില്‍ പങ്കെടുത്തത്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പ്രഖ്യാപിച്ച പണിമുടക്ക് മെഡിക്കല്‍ ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടതിനെത്തുടര്‍ന്ന് വൈകിട്ട് 4.30ന് പിന്‍വലിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രതിഷേധയോഗവും നടത്തി. കെജിഎംഒഎ  സംസ്ഥാന പ്രസിഡന്റ് ഡോ. വി മധു പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. ജില്ലയിലെ 116 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും  ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തെന്ന് ഡോ. മധു പറഞ്ഞു.

സമരത്തെക്കുറിച്ച് അറിയാതെ ചികിത്സതേടിയെത്തിയവരാണ് വലഞ്ഞത്. രാവിലെ എട്ടുമുതല്‍ നല്‍കുന്ന ഒപി ചീട്ട്  വൈകിയാണ് നല്‍കിത്തുടങ്ങിയത്. അത്യാഹിതവിഭാഗം പതിവുപോലെ പ്രവര്‍ത്തിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറായി സമരത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാരും ആശുപത്രിയില്‍തന്നെ ഉണ്ടായിരുന്നതായി ജനറല്‍ ആശുപത്രി ആര്‍എംഒ ഡോ. ഹനീഷ് പറഞ്ഞു. 10നുശേഷം എത്തിയ രോഗികള്‍ക്ക് ചികിത്സ നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ചന്ദ്രമതി പറഞ്ഞു.

നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ ഒന്നിലും ചൊവ്വാഴ്ച ഒപി വിഭാഗം പ്രവര്‍ത്തിച്ചില്ല. ചികിത്സതേടിയെത്തിവര്‍ നിരാശരായി മടങ്ങി. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചെറിയാന്‍ ഉദ്ഘാടനംചെയ്തു. കൊച്ചിന്‍ ഐഎംഎയുടെ കീഴിലുള്ള 2200 ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്തെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ബുക്കിങ് അനുസരിച്ച് നീങ്ങുന്ന സിസ്റ്റം നിലവില്‍ ഉള്ളതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണം കാര്യമായി ബാധിച്ചില്ലെന്ന് ചില ആശുപത്രി അധികൃതര്‍ പറഞ്ഞു. 
 

Related News

കൂടുതൽ വാർത്തകൾ »