15 November Thursday

മരട‌് അയിനിത്തോട് ശുചീകരണത്തിൽ അഴിമതിയെന്ന‌് ആരോപണം

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018


തൃപ്പൂണിത്തുറ
മരട് അയിനിത്തോട് ശുചീകരണത്തിൽ നഗരസഭാ ഭരണസമിതി അഴിമതിക്കു ശ്രമിക്കുന്നതായി പ്രതിപക്ഷ ആരോപണം. തോടരികിലെ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള തുക വിനിയോഗിക്കാതെ  മണ്ണുവാരി പണം തട്ടാനാണ‌് നഗരസഭാ അധികൃതർ ശ്രമിക്കുന്നത‌്.  മേയ‌് 10ന‌് ചേർന്ന‌ സർവകക്ഷിയോഗ തീരുമാനപ്രകാരം നഗരസഭ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റാൻ നോട്ടീസ് കൊടുത്തിരുന്നു. നോട്ടിസ് കാലാവധി മെയ് 25ന് അവസാനിച്ചു. തുടർന്ന‌് ജൂൺ 25ന് ചെയർമാനും വൈസ് ചെയർമാനും പൊതുമരാമത്ത് ചെയർമാനുമെത്തി തോടിലെ മണ്ണുകോരിമാറ്റാനുള്ള നടപടി മാത്രമെടുത്തു.  ഇതിലൂടെ കൈയേറ്റങ്ങൾ പൊളിക്കാൻ വകയിരുത്തിയ 15 ലക്ഷം രൂപയും തോടു വൃത്തിയാക്കുന്നതിന‌്  പരിധിയിൽവരുന്ന ഡിവിഷനുകളിൽ അനുവദിച്ചിരുന്ന 50,000 രൂപയും ചെലവഴിച്ചെന്ന് വരുത്തിത്തീർക്കാനാണ് നീക്കമെന്ന‌് പ്രതിപക്ഷം ആരോപിച്ചു. ജാനാപള്ളി പരിസരത്ത് തോടിനടുത്ത് വീടുപണിത കുടുംബങ്ങൾക്ക് സംരക്ഷണഭിത്തി കെട്ടി കൈയേറ്റങ്ങൾ പൊളിക്കണം എന്നതായിരുന്നു എൽഡിഎഫ് കൗൺസിലർമാരുടെ ആവശ്യം. ഇവിടെ കോൺഗ്രസ് കൊടിമരമുൾപ്പെടെ അനധികൃതമായി നിർമിച്ചതാണ‌്.

2010ൽ പഞ്ചായത്ത് കമ്മിറ്റി പ്രദേശവാസിക്ക‌് നിർമിച്ച സംരക്ഷണഭിത്തി ഒഴിച്ച് അയിനിത്തോടിന‌് കുറുകെയുള്ള എല്ലാ കലുങ്കുകളും കൈയേറി കെട്ടിയതാണ് . ഇതെല്ലാം പൊളിച്ചുമാറ്റി യാത്രാസൗകര്യമൊരുക്കണം എന്നതാണ് നാട്ടുകാരുടെ  ആവശ്യം. അയിനി, തുരുത്തി, ജയന്തി, നിരവത്ത്, മൂത്തേടം ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കണം. ദേശീയപാതയ‌്ക്ക‌് കുറുകെയുള്ള അയിനിത്തോടിന്റെയും അടിച്ചിത്തോടിന്റെയും പൈപ്പുകൾമാറ്റി മൂന്നു മീറ്റർ വീതിയിലെങ്കിലും കൽവെർട്ട് സ്ഥാപിക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ കെ എ ദേവസി  പറഞ്ഞു.

പ്രധാന വാർത്തകൾ
Top