16 October Tuesday
ചെയര്‍മാനായി ചുമതലയേറ്റശേഷം 83000 നിയമനം നടന്നു

6000 എല്‍പി,യുപി അധ്യാപകര്‍ക്ക് ഈ വര്‍ഷം നിയമനം നല്‍കും: പിഎസ്‌സി ചെയര്‍മാന്‍

പ്രത്യേക ലേഖകന്‍Updated: Thursday Jul 19, 2018

കാസര്‍കോട് > എല്‍പി, യുപി സ്‌കൂള്‍  അധ്യാപകരായി ഈ അധ്യയന വര്‍ഷം ആറായിരം പേരെ നിയമിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍  അഡ്വ. എം കെ സക്കീര്‍. എല്‍പിഎസ്എ,യുപിഎസ്എ  അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഇന്റര്‍വ്യൂ മൂന്ന് മേഖലകളിലായി നടക്കുകയാണ്. 18,000 പേരെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഇതിനായി 18 ഇന്റര്‍വ്യൂ ബോര്‍ഡ് രൂപീകരിച്ചു. റാങ്ക് പട്ടിക ഉടന്‍  പുറത്തിറക്കുന്നതിനാണ് ഈ ക്രമീകരണം. സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്ത് പകരുന്നതിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം  നിയമനം നടത്തുന്നത്.  കാസര്‍കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ മേഖലയിലും പൊലീസിലും വിജ്ഞാപനമിറങ്ങി ഒരു വര്‍ഷത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. മറ്റ് റാങ്ക് ലിസ്റ്റുകള്‍ മൂന്ന് വര്‍ഷത്തിനകവും പുറത്തിറക്കും.  ചെയര്‍മാനായി ചുമതലയേറ്റശേഷം 83,000 നിയമനം നടന്നു. 12,000 ഷോട്ട് ലിസ്റ്റും ആയിരത്തിലേറെ റാങ്ക് ലിസ്റ്റും പുറത്തിറക്കി. 2009 മുതല്‍  തീര്‍പ്പ് കല്‍പ്പിക്കാത്ത ഫയലുകള്‍ തീര്‍പ്പാക്കി.  നിയമപരമായും ഓഫീസ് സംബന്ധമായും  പ്രശ്നങ്ങളുള്ളവയെല്ലാം  ഇതില്‍ ഉള്‍പ്പെടും. ഇ ഓഫീസിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുന്നതോടെ  ഫയല്‍ തീര്‍പ്പാക്കല്‍ വേഗത്തിലാവും. ഓണ്‍ലൈന്‍  അപേക്ഷകള്‍  ഇ ഓഫീസ് വഴി കൈകാര്യംചെയ്യും. 36,000 ഹാര്‍ഡ് ഫയലുകള്‍ സ്‌കാന്‍ചെയ്ത് പിഎസ്സി ആസ്ഥാനത്തെ  കംപ്യൂട്ടറിലേക്ക് മാറ്റിയിട്ടുണ്ട്.

പിഎസ്സി ആസ്ഥാനത്തും മൂന്ന് മേഖല ഓഫീസുകളിലും ഇ  ഓഫീസ്  പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പിഎസ്സി ഓഫീസുകളില്‍  ഇനി മലപ്പുറത്തേ ഇനി ഇ ഓഫീസ് വരാനുള്ളൂ. ആഗസ്ത് രണ്ടാംവരം സമ്പൂര്‍ണ ഇ ഓഫീസ് പ്രഖ്യാപനം നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top