21 September Friday
ദുരിതാശ്വാസ ക്യാമ്പുകൾ ഇന്ന‌് അവസാനിക്കും

ചെങ്ങന്നൂരിൽ ശുചീകരണയജ്ഞം സെപ‌്തംബർ 1 നും 2നും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചെങ്ങന്നൂരിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം

 
ചെങ്ങന്നൂർ
ചെങ്ങന്നൂർ താലൂക്കിൽ സെപ്തംബർ 1, 2 തീയതികളിൽ ശുചീകരണ യജ്ഞം നടത്തും. സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ജനങ്ങളും ചേർന്നാണ് ശുചീകരണം. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഐഎച്ച്ആർഡി എൻജിനിയറിങ‌് കോളേജിൽ  ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിന്റേതാണ‌് തീരുമാനം.
താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകൾ ചൊവ്വാഴ‌്ച അവസാനിപ്പിക്കാൻ തീരുമാനമായി. സെപ്തംബർ മൂന്നിന് കിറ്റ‌് വിതരണം നടത്തും. വാസയോഗ്യമല്ലാത്ത വീടുകൾ ഉള്ളവർക്ക് വില്ലേജ് അടിസ്ഥാനത്തിൽ വാടകയ‌്ക്ക‌് വീട‌് എടുത്തു നൽകും. വാടക സർക്കാർ കൊടുക്കും. ഉടമസ്ഥർക്ക് സൗജന്യമായും വീട് നൽകാവുന്നതാണ്. ഇതിന് മുന്നോടിയായി വാസയോഗ്യമല്ലാത്ത വീടുകളുടെ ലിസ്റ്റ് 29ന് മുമ്പ‌് താലൂക്ക് ഓഫീസിൽ സമർപ്പിക്കണം. വില്ലേജ് ഓഫീസർമാരാണ് കണക്കെടുക്കേണ്ടത്. വെള്ളപ്പൊക്കത്തിന്റെ നഷ്ടം വിലയിരുത്താൻ വാർഡ് മെമ്പർ, സർക്കാർ ഉദ്യോഗസ്ഥൻ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർ, സന്നദ്ധ പ്രവർത്തകൻ എന്നിവരുൾപ്പെടുന്ന അഞ്ചംഗ സമിതി വാർഡ് അടിസ്ഥാനത്തിൽ രൂപീകരിക്കും. ഇവർ വീടുകളിലെത്തി നഷ്ടം വിലയിരുത്തും. 
ക്യാമ്പുകളില്ലാതെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകളിൽ താമസിച്ചവരുടെയും നഷ്ടം വിലയിരുത്തും. 31നകം റിപ്പോർട്ട് സമർപ്പിക്കണം. കുടിക്കാനുള്ള വെള്ളം ടാങ്കുകളിൽ വാട്ടർ അതോറിറ്റി വഴി വിതരണം ചെയ്യും. പതിനായിരം ലിറ്റർ കൊള്ളുന്ന ടാങ്കുകൾ ഘടിപ്പിച്ച 25 വാഹനങ്ങൾ കുടിവെള്ള വിതരണം നടത്തും. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പത്തു വീടുകൾക്ക് ഒരു കിണർ എന്ന നിലയിൽ ശുദ്ധീകരിച്ച് നൽകും. വീടുകൾ പരിശോധിച്ച് മാത്രമേ വൈദ്യുതി നൽകൂ. 
വീടുകളിൽ ശുചീകരണം ആവശ്യമുള്ളവർ എംഎൽഎ ഓഫീസിൽ അറിയിക്കണം. താലൂക്കിലെ കൃഷി നാശം വിലയിരുത്താൻ കൃഷി ഓഫീസർമാരുടെ യോഗം ഉടനെ ചേരും. താലൂക്കിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. സ്‌കൂൾ കെട്ടിടങ്ങൾക്കും മതിലിനും ബലക്ഷയമുണ്ടോയെന്നും പരിശോധിക്കും. സെപതംബർ മൂന്നിനു ശേഷം എല്ലാ വാർഡിലും അദാലത്ത് നടത്തും. 
സൈന്യവും മത്സ്യത്തൊഴിലാളികളും അടക്കമുള്ള രക്ഷാപ്രവർത്തകർക്ക്  യോഗം നന്ദി അറിയിച്ചു. സജി ചെറിയാൻ എംഎൽഎ അധ്യക്ഷനായി. ചെങ്ങന്നൂർ ആർഡിഒ അതുൽ സ്വാമിനാഥൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘു പ്രസാദ്, ജില്ലാ പഞ്ചായത്തംഗം വി വേണു, ചെങ്ങന്നൂർ ഡിവൈഎസ്‌പി അനീഷ് വി കോര, തഹസിൽദാർ വി കെ ശശി, ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ ജോർജ‌്, പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, ജില്ലാതലം മുതലുള്ള വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top