15 November Thursday

ആര്യാട് പഞ്ചായത്തിൽ ആരോഗ്യ ജാഗ്രതയ‌്ക്ക‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


ആര്യാട്
 മഴക്കാല രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആര്യാട് പഞ്ചായത്ത് നേതൃത്വത്തിൽ ആരോഗ്യ ജാഗ്രത ശുചിത്വ ഹർത്താൽ ആചരിച്ചു.  എല്ലാ സ്കൂളുകളിലും വിദ്യാർഥികൾ ശുചിത്വ പ്രതിജ്ഞ എടുക്കുകയും പല ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂളിന് അടുത്തുളള ഭവനങ്ങൾ സന്ദർശിച്ച് ശുചിത്വ ബോധവൽക്കരണം നടത്തുകയും ചെയ്തു. തൊഴിലാളികൾ പണി ഉപേക്ഷിച്ച് ശുചീകരണത്തിൽ പങ്കാളികളായി.  പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ സന്നദ്ധ പ്രവർത്തകർ,  രാഷ്ട്രീയ പ്രവർത്തകർ, വിവിധ സംഘടനാ നേതാക്കൾ, സമുദായ നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ആരോഗ്യ വളണ്ടിയർമാർ, ഹരിതസേനാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.  

ഉച്ചയ്ക്ക് 2 മുതൽ 3 വരെ വ്യാപാരികളും, സർക്കാർ , പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾ താത്കാലികമായ നിർത്തിവച്ച് പരിസര ശുചീകരണം നടത്തി. ശുചിത്വ ഹർത്താലിനോട് അനുബന്ധിച്ച് ധൂപസന്ധ്യയും സംഘടിപ്പിച്ചു.  പഞ്ചായത്തിൽ നിന്നും നൽകിയ ഔഷധ ഗുണമുളളതും ആയുർവ്വേദ വിധി പ്രകാരം തയ്യാറാക്കിയതുമായ അപരാജിതധൂപ  ചൂർണ്ണം പഞ്ചായത്തിലെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും പുകച്ചു.  

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ദലീമാ ജോജോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കവിതാ ഹരിദാസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ഷീന സനൽ കുമാർ, എൻ പി സ്നേഹജൻ, കെ ടി മാത്യു,  പി എ ജുമൈലത്ത്,ബിപിൻരാജ്,  പ്രസന്നാ രാജേന്ദ്രൻ, അനിതാ ഗോപിനാഥ്, വി സുരേഷ്, ശുചിത്വ മിഷൻ കോ‐ഓർഡിനേറ്റർ  ബിൻസ് സി തോമസ്, ഹരിത കേരളാ മിഷൻ കോ‐ഓർഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top