25 September Tuesday
ചാകര എത്തിയില്ല

തീരത്ത‌് വറുതിയുടെ തിരയിളക്കം

ടി പി സുന്ദരേശൻUpdated: Wednesday Jul 25, 2018

പണിയില്ലാതായ തൊഴിലാളികൾ അർത്തുങ്കൽ ആയിരംതൈ ഫിഷ‌് ലാൻഡിങ‌് സെന്ററിൽ വലകെട്ടുന്ന ജോലിയിൽ

 

 
 
 
ചേർത്തല
ചാകരക്കൊയ‌്ത്തിന‌് കാത്തിരുന്ന കടലോര മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾ തകർന്നതോടെ തീരത്ത‌് വറുതിയുടെ നാളുകൾ. ജൂൺ, ജൂലൈ മാസങ്ങളിൽ പതിവുതെറ്റാതെ ലഭിച്ചിരുന്ന ചാകരക്കാലം ഇത്തവണ ജില്ലയുടെ വടക്കൻ മേഖലയിൽ എത്തിയില്ല. 
കാട്ടൂർ, ചെത്തി, മാരാരിക്കുളം, ചേന്നവേലി, അർത്തുങ്കൽ ഫിഷ‌് ലാൻഡിങ‌് സെന്റർ, തൈക്കൽ, ഒറ്റമശേരി, പള്ളിത്തോട‌് എന്നിവിടങ്ങളാണ‌് വടക്കൻ മേഖലയിൽ ചാകരക്കൊയ‌്ത്ത‌് ലഭിക്കാറുള്ള സ്ഥലങ്ങൾ. ഇവിടങ്ങളിൽ കുറഞ്ഞത‌് രണ്ടിടത്തെങ്കിലും പതിവായി ചാകര കിട്ടാറുണ്ട‌്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും വർഷത്തിൽ ചാകരക്കാലത്ത‌് മാത്രമാണ‌് കാര്യമായ തൊഴിലും വരുമാനവും ലഭിക്കുന്നത‌്. 
2017ൽ കണിച്ചുകുളങ്ങര ഭാഗത്ത‌് മാസങ്ങൾനീണ്ട ചാകരക്കൊയ‌്ത്ത‌് ലഭിച്ചിരുന്നു. എല്ലാത്തരം മീനുകളും ധാരാളമായി മാസങ്ങളോളം കിട്ടിയിരുന്നു. കഴിഞ്ഞവർഷം അത്രയും ഇല്ലായിരുന്നെങ്കിലും മോശമല്ലായിരുന്നു. 
പക്ഷെ, ഇത്തവണ തീരവാസികളുടെ സ്വപ‌്നമാകെ തകർന്നു. ചാകരകാത്ത‌് ദിവസങ്ങൾ എണ്ണിക്കഴിഞ്ഞവർക്ക‌് നിരാശമാത്രമായി ഫലം. ഇതേവരെ ഒരിടത്തും ചാകരയെത്തിയില്ല. ഓഖി ദുരന്തംമുതൽ തൊഴിലാളികൾക്ക‌് പ്രതിസന്ധിയാണ‌്. അടിക്കടി പ്രതികൂലകാലാവസ്ഥയും അധികാരികളുടെ മുന്നറിയിപ്പുമാണ‌് പ്രതിസന്ധി സൃഷ്ടിച്ചത‌്. കടലിലിറങ്ങാൻ സാധിച്ചത‌് വളരെക്കുറച്ച‌് നാളുകളിൽ മാത്രം. അപ്പോഴും ചാകരയെത്തുമെന്നും ദുഃഖങ്ങൾ അകലുമെന്നുമായിരുന്നു പ്രതീക്ഷ. ജൂലൈ അവസാനത്തോട‌് അടുക്കുമ്പോൾ പുന്നപ്ര മാത്രമാണ‌് ചാകരയുള്ളത‌്. പിന്നീടുള്ളത‌് എറണാകുളം ജില്ലയിലെ ചെല്ലാനത്തും. 
ചെറുവള്ളങ്ങൾ പോലും കടലിലിറക്കാൻ പറ്റാത്ത കാലാവസ്ഥ. കാറ്റുംകോളും അനന്തമായി നീളുന്നു. ഒപ്പം ചാകര പ്രതീക്ഷയും അസ‌്തമിച്ചു. വള്ളവും വലയും യന്ത്രവും മറ്റും ചാകരക്കൊയ‌്ത്ത‌് മുന്നിൽക്കണ്ട‌് തയ്യാറാക്കാൻ മുടക്കിയ വൻതുക ബാധ്യതയായി. കടപ്പുറത്ത‌് ഒത്തുകൂടി ദുഃഖം പങ്കുവയ‌്ക്കുകയാണ‌് തൊഴിലാളികൾ. ചിലർ വലകെട്ടുന്ന ജോലിയിൽ ഏർപ്പെടുന്നു. അർത്തുങ്കൽ ആയിരംതൈ ഫിഷ‌് ലാൻഡിങ‌് സെന്ററിൽ പണിയില്ലാതായ തൊഴിലാളികൾ  ഇങ്ങനെ ഒത്തുകൂടുന്ന ഇടമായി മാറി. ചാകരയും പണിയും ഇല്ലാത്തത‌് കടുത്ത ജീവിത പ്രതിസന്ധിയാണ‌് സൃഷ്ടിക്കുന്നതെന്ന‌് തൊഴിലാളികളായ സൈറപ്പൻ, ഷാജി, സിൻസി എന്നിവർ പറഞ്ഞു. കമീഷൻ ഏജന്റായ ഔസേഫിനും മറിച്ചൊന്നും പറയാനില്ല.
പ്രധാന വാർത്തകൾ
Top