16 November Friday

ക്യാമ്പുകളിൽ വൈദ്യുതിസുരക്ഷാ ക്ലാസുകളുമായി കെഎസ‌്ഇബി

സ്വന്തം ലേഖകൻUpdated: Tuesday Aug 21, 2018

 

 
ആലപ്പുഴ
വെള്ളപ്പൊക്കക്കെടുതി നേരിടുന്നവർ വീടുകളിലേക്ക‌് മടങ്ങുമ്പോൾ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ക്ലാസുകളുമായി കെഎസ‌്ഇബി. വെള്ളം കയറിയ വീടുകളിൽ വൈദ്യുതോപകരണങ്ങളും വയറിങ്ങും തകരാറിലാകാൻ സാധ്യത കൂടുതലാണ‌്. ഈ സാഹചര്യത്തിൽ വൈദ്യുതിവിതരണം ആരംഭിച്ചാലും പരിശോധനയില്ലാതെ ഉപയോഗം തുടങ്ങിയാൽ അപകടസാധ്യത കൂടും. 
ഇതു പരിഗണിച്ചാണ‌് ക്യാമ്പുകളിൽ ക്ലാസെടുക്കാനും ലഘുലേഖകളും നോട്ടീസുംവഴി പ്രചാരണം നടത്താനും കെഎസ‌്ഇബി തീരുമാനിച്ചത‌്. അടുത്തദിവസം ഇതിന‌് തുടക്കമാകും.വൈദ്യുതിവിതരണം സാധാരണ നിലയിലാക്കാനുള്ള കർമപദ്ധതിക്ക‌് കെഎസ‌്ഇബി രൂപംനൽകിയതായി ആലപ്പുഴ സർക്കിൾ ഡെപ്യൂട്ടി ചീഫ‌് എൻജിനിയറുടെ ചുമതലയുള്ള എക‌്സിക്യൂട്ട‌ീവ‌് എ‌ൻജിനിയർ എ പ്രസന്നകുമാരി പറഞ്ഞു. 
പൂർണമായും വെള്ളത്തിൽ മുങ്ങിയ വീടുകളിൽ പരിശോധനയ‌്ക്കുശേഷമേ വൈദ്യുതി ഉപയോഗിക്കാവൂ എന്ന‌് കർശനനിർദേശം നൽകും. ജില്ലയിൽ ആലപ്പുഴ, ഹരിപ്പാട‌് സർക്കിളുകൾക്ക‌് കീഴിൽ 895 ട്രാൻസ‌്ഫോർമറുകളാണ‌് നിലവിൽ ഓഫ‌്ചെയ‌്തിരിക്കുന്നത‌്. ആലപ്പുഴ സർക്കിളിൽമാത്രം 795  ട്രാൻസ‌്ഫോർമർ ഓഫ‌്ചെയ‌്തിരിക്കയാണ‌്. ആലപ്പുഴ സർക്കിളിനു കീഴിൽ  മങ്കൊമ്പ‌്, കിടങ്ങറ, കൈനകരി, എടത്വ, തകഴി, ചമ്പക്കുളം സെക‌്ഷനുകളിലും ഹരിപ്പാടിനു കീഴിലെ വെൺമണി സെക‌്ഷനിലും പൂർണമായും വൈദ്യുതി നിലച്ചു. പൂർണമായും വെള്ളത്തിലായ കുട്ടനാട്ടിൽ വെള്ളമിറങ്ങിയാലും ബോധവൽക്കരണവും പരിശോധനയും പൂർത്തിയായശേഷമേ വൈദ്യുതിവിതരണം ആരംഭിക്കൂ. 
വെൺമണിയിൽ രണ്ട‌് ട്രാൻസ‌്ഫോർമർ തിങ്കളാഴ‌്ച ചാർജ‌്ചെയ‌്തു. ഇതിനായി വിരമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും. വയറിങ‌് തൊഴിലാളികളുടെയും ഇലക‌്ട്രിക്കൽ കരാറുകാരുടെയും സഹകരണത്തോടെ വെള്ളം കയറിയ വീടുകളിൽ പരിശോധന നടത്തിയശേഷമാണ‌്  വൈദ്യുതി വിതരണം ആരംഭിക്കുകയെന്ന‌് ഹരിപ്പാട‌് സർക്കിൾ എക‌്‌സിക്യൂട്ടീവ‌് എൻജിനിയർ ജി ശ്രീകുമാർ പറഞ്ഞു.
പ്രധാന വാർത്തകൾ
Top