14 November Wednesday

പാട്ടിലും താളത്തിലുമലിഞ്ഞ‌് നിറകൺചിരി

സ്വന്തം ലേഖകൻUpdated: Tuesday Aug 21, 2018

എസ്‌ഡിവി സ്‌കൂളിൽ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ പാട്ടും കളിയുമായി ചേർന്നപ്പോൾ

 
ആലപ്പുഴ
‘കാട്ടിലെ കിളികൾക്കും മരം വേണം, നാട്ടിലെ മനുഷ്യർക്കും മരം വേണം, ജനിക്കുന്ന കുഞ്ഞിനും പറക്കുന്ന തുമ്പിക്കും മരം വേണം’... പാട്ടിന്റെ ഈരടികൾക്കൊപ്പം ഏറ്റുപാടുകയാണ‌് ദുരിതാശ്വാസ ക്യമ്പിലെ കുട്ടികൾ.  കുട്ടികൾക്കൊപ്പം മുതിർന്നവരും താളംപിടിക്കുന്നുണ്ട‌്. പാട്ടിനൊപ്പം കൈയ്യടിയും താളവുമായതോടെ കുട്ടികളിൽ ചിലർ ദുരിതത്തിന്റെ ഓർമകളെല്ലാം മറന്ന‌് ക്യാമ്പിലെ പുതിയ കൂട്ടുകാർക്കൊപ്പം തുള്ളിച്ചാടുന്നു. ഇടയ‌്ക്ക‌് പാട്ട‌് നിർത്തി കളികളായി.  
പ്രളയക്കെടുതിയിൽ സർവതും നശിച്ച‌് ഓടിപ്പോന്ന കുടുംബങ്ങളിലെ കുട്ടികളാണിവർ. കൈനകരിയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾ അഭയം തേടിയ ഗവ. എസ‌്ഡിവി ജെബി  യുപി സ‌്കൂളിൽ നിന്നാണ‌് ഈ രംഗം. മൂന്നുദിവസം മുമ്പ‌് കൈയ്യിൽ കിട്ടിയതുമാത്രമായി സ‌്കൂളിലേക്ക‌് എത്തിയപ്പോൾ അവരുടെയെല്ലാം മുഖത്ത‌് സങ്കടവും ജീവിതനൈരാശ്യവും നിഴലിച്ചിരുന്നു. സ‌്കൂളിലെ മുറികളിൽ ഒതുങ്ങികൂടിയ പലരും പുറത്തേക്കിറങ്ങാൻ കൂട്ടാക്കിയില്ല. 
അമ്മമാർ കുട്ടികളുമായി ചടഞ്ഞുകൂടി ഒരേ ഇരിപ്പ‌്.  പുരുഷന്മാരാകട്ടെ വരാന്തയിലും മുറിക്കുള്ളിലും മാത്രമായി ചുറ്റിത്തിരിഞ്ഞു.  സ്വപ‌്നങ്ങൾ സ്വരുക്കൂട്ടിയുണ്ടാക്കിയ വീടും വീട്ടുപകരണങ്ങളും നശിച്ച വേദനയിലായിരുന്നു ഇവർ.  എല്ലാവരും മാനസികസംഘർഷത്തിൽപ്പെട്ടുഴലുന്നു.  
 ഈ സാഹചര്യം മറികടക്കാൻ ക്യാമ്പ‌് ചുമതലയുള്ള സർക്കാർ ജീവനക്കാരും സ‌്കൂൾ അധ്യാപകരും ചേർന്നാണ‌് കുട്ടികൾക്ക‌് മാനസികോല്ലാസം നൽകാനുള്ള വഴി ആലോചിച്ചത‌്. ഹെഡ‌്മിസ‌്ട്രസ‌് എസ‌് ശുഭയും ഡെപ്യൂട്ടി തഹസിൽദാർ ഗോവിന്ദവാര്യരും ഇതിനായി രംഗത്തിറങ്ങി.  കളികളും പാട്ടുമായപ്പോൾ ചടഞ്ഞുകൂടിയ കുട്ടികൾ ഉന്മേഷം വീണ്ടെടുത്തു. കുട്ടികളുടെ കളിചിരികൾ കണ്ട‌് മുതിർന്നവരുടെയും മുഖത്ത‌് പുഞ്ചിരി വിടരുന്നു.   തിങ്കളാഴ‌്ച ബാലസംഘം പ്രവർത്തകൻ ജെതീന്ദ്രൻ കുട്ടികളുമായി സംവദിച്ചു. വൈകുന്നേരങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കാനും തയ്യാറെടുപ്പുകൾ നടക്കുന്നു.
പ്രധാന വാർത്തകൾ
Top