Top
22
Thursday, June 2017
About UsE-Paper

പരമ്പരാഗത തൊഴില്‍മേഖലകള്‍ ശക്തിയാര്‍ജിക്കുന്നു: ആനത്തലവട്ടം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌


ആലപ്പുഴ > പരമ്പരാഗത തൊഴില്‍മേഖലയെ ശക്തിപ്പെടുത്താനും ആ രംഗത്തെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് എംപ്ളോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്‍സര്‍ക്കാരില്‍നിന്നും തികച്ചും വ്യത്യസ്തമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സമസ്തമേഖലകളിലും അതിന്റെ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. സ്വാതന്ത്യ്രപ്രസ്ഥാനത്തില്‍ മുഖ്യപങ്കുവഹിച്ചവരായിരുന്നിട്ടും ഖാദിമേഖലയിലെ തൊഴിലാളികള്‍ക്ക് ഇനിയും പുരോഗതി ഉണ്ടായിട്ടില്ല. മില്‍ തുണിയുടെ കടന്നുവരവോടെയാണ് ഖാദിമേഖല തകര്‍ന്നത്. ഇന്ന് ഈ മേഖലയില്‍ തൊഴിലാളികള്‍ കുറവാണ്. തൊഴിലില്ലാതായി തീര്‍ന്നവരാണ് വലിയൊരുവിഭാഗം. തൊഴില്‍ ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷിക്കാനും തൊഴില്‍ നഷ്ടപ്പെട്ടവരെ നിലനിര്‍ത്താനും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കയല്‍, മത്സ്യം, കശുവണ്ടി, ഖാദി, കൈത്തറി തുടങ്ങിയ മേഖലകളിലെല്ലാം ശക്തമായ ഇടപെടലുകളാണ് ഉണ്ടാകുന്നത്.

കേന്ദ്ര സര്‍ക്കാരാകട്ടെ നിലവില്‍ തൊഴിലുള്ളവരുടെപോലും തൊഴില്‍ നഷ്ടപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തൊഴില്‍നിയമങ്ങള്‍ കാറ്റില്‍പറത്തി വ്യവസായസ്ഥാപനങ്ങളില്‍നിന്നും ഭൂരിഭാഗം തൊഴിലാളികളെയും പിരിച്ചുവിടാന്‍ കുത്തകകള്‍ക്ക് അവസരമൊരുക്കി. ഐടി മേഖലയില്‍ ഇതിന്റെ ദുരന്തം ഏറെ വലുതാണ്. കന്നുകാലി കച്ചവടവും കശാപ്പും നിരോധിച്ച് ലക്ഷങ്ങളെ തൊഴില്‍രഹിതരാക്കുന്നു. ജുഡീഷ്യറിയുടെ സമീപനവും തൊഴിലാളികള്‍ക്കെതിരാണ്.

ബാറുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കോടതി അതില്‍പണിയെടുത്ത് ഉപജീവനം നടത്തുന്ന ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കണമെന്ന് ഒരുവരി വിധിന്യായത്തില്‍ ചേര്‍ത്തില്ല. അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന പേരിലാണ് ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ നിരോധിച്ചത്. എന്നാല്‍ ഒരുശതമാനം മാത്രമാണ് മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായിട്ടുള്ള അപകടമെന്നാണ് കണക്കെന്നും ആനത്തലവട്ടം പറഞ്ഞു.