Top
24
Wednesday, May 2017
About UsE-Paper

കുമാരപുരം പിടിച്ചെടുത്ത് എല്‍ഡിഎഫ് തേരോട്ടം

Friday May 19, 2017
വെബ് ഡെസ്‌ക്‌


അരൂര്‍ > എഴുപുന്ന പഞ്ചായത്ത് 16-ാം വാര്‍ഡ് (കുമാരപുരം) ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്കും ബിജെപി നാലാംസ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. എല്‍ഡിഎഫില്‍ സിപിഐ എമ്മിലെ പിപി സീതമ്മ (സീത ടീച്ചര്‍) 34 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

 

യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ വാര്‍ഡില്‍ കഴിഞ്ഞതവണ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇത്തവണ യുഡിഎഫ് മൂന്നാംസ്ഥാനത്തുമായി. സിപിഐ എം എഴുപുന്ന ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അരൂര്‍ ഏരിയ കമ്മിറ്റിയംഗവും എഴുപുന്ന സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ബോര്‍ഡ് അംഗവുമാണ് റിട്ട. അങ്കണവാടി വര്‍ക്കറായ സീതമ്മ.

 

1140 വോട്ടര്‍മാരില്‍ 974 പേര്‍ വോട്ടുരേഖപ്പെടുത്തിയ ഇവിടെ എല്‍ഡിഎഫിന് 307 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ഹൈമാവതിക്ക് 273 വോട്ടും യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ എം വി ഷണ്‍മുഖന് 238 വോട്ടും ബിജെപിയിലെ പുരുഷോത്തമന് 156 വോട്ടും ലഭിച്ചു.

 

2015ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ഉമ്മച്ചന്‍പോള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. 225 വോട്ടിന്റെ ഭൂരിപക്ഷം അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് യുഡിഎഫ് 85, ബിജെപി 82, മറ്റ് സ്വതന്ത്രര്‍ 51 വോട്ടുകള്‍വീതം നേടിയിരുന്നു. എല്‍ഡിഎഫിന് 219 വോട്ടും ലഭിച്ചു. ഇത്തവണ തെരഞ്ഞെടുപ്പില്‍ 307 വോട്ടുനേടാനായി. എല്‍ഡിഎഫിന് താരതമ്യേന വേരോട്ടം കുറഞ്ഞ ഈ വാര്‍ഡില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശക്തമായ സാന്നിധ്യമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.  ബിജെപിയുടെ സംസ്ഥാനനേതാക്കളേയും ആദിവാസി നേതാവ് സി കെ ജാനുവിനെയും ബിജെപി- എന്‍ഡിഎ മുന്നണി പ്രചരണത്തിന് ഇറക്കിയിരുന്നു. എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന ബിഡിജെഎസിന് നിര്‍ണായക സ്വാധീനമുള്ള മേഖലയില്‍ പട്ടികജാതി വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കുമെന്നായിരുന്നു പ്രതീക്ഷ.

 

കേന്ദ്രഭരണത്തിന്റെ കീഴില്‍ ദേശീയതലത്തില്‍ വര്‍ധിച്ചുവരുന്ന ദളിത് പീഡനങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ പട്ടികജാതി- ദളിത് വിഭാഗങ്ങള്‍ ഇവിടെ എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചു. പട്ടണക്കാട്ടില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായിരുന്ന അനന്തുവെന്ന പ്ളസ്ടു വിദ്യാര്‍ഥിയെ ആര്‍എസ്എസ് ശാഖയില്‍ പോകാതിരുന്നതിന്റെ പേരില്‍ ആര്‍എസ്എസുകാര്‍ സംഘംചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായി.
യുഡിഎഫ് ഭരിക്കുന്ന എഴുപുന്ന പഞ്ചായത്തിന്റെ കെടുകാര്യസ്ഥത നിറഞ്ഞ ഭരണത്തോടുള്ള എതിര്‍പ്പും വോട്ടെടുപ്പിനെ സ്വാധീനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന വികസന- ക്ഷേമപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ നേതൃത്വം കൊടുക്കുന്ന എഴുപുന്ന പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയോടുള്ള അവമതിപ്പും യുഡിഎഫിനെതിരെ വിധിയെഴുതാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

 

എഴുപുന്ന പഞ്ചായത്ത് ഓഫീസില്‍നിന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായി വാര്‍ഡിലെത്തി വിജയാഹ്ളാദപ്രകടനത്തില്‍ പങ്കെടുത്ത് ഓരോ വീടുകളിലുമെത്തി നന്ദി രേഖപ്പെടുത്തിയാണ് പി പി സീതമ്മ തെരഞ്ഞെടുപ്പ് വിജയം ആദ്യമായി പങ്കുവച്ചത്. കെ ആര്‍ അജയകുമാര്‍ പ്രസിഡന്റും സി ടി വാസു സെക്രട്ടറിയുമായുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വ്യാഴാഴ്ച വൈകിട്ട് എഴുപുന്ന കേന്ദ്രീകരിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഹ്ളാദപ്രകടനം സംഘടിപ്പിച്ചു. എഴുപുന്ന കുമാരപുരം വാര്‍ഡില്‍ എല്‍ഡിഎഫിന് രാഷ്ട്രീയവിജയം നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വോട്ടര്‍മാരെ സിപിഐ എം ഏരിയ സെക്രട്ടറി പി കെ സാബു, എ എം ആരിഫ് എംഎല്‍എ, എല്‍ഡിഎഫ് അരൂര്‍ മണ്ഡലം കണ്‍വീനര്‍ എന്‍ ആര്‍ ബാബുരാജ്, സിപിഐ അരൂര്‍ മണ്ഡലം സെക്രട്ടറി ടി പി സതീശന്‍, എല്‍ഡിഎഫ് നേതാക്കളായ ആസഫ് അലി, കെ എന്‍ എ കരിം, പി കെ ഹരിദാസ്, ആര്‍ പത്മകുമാര്‍, ജോമോന്‍ കോട്ടുപ്പള്ളി, എം കെ ഉത്തമന്‍, പി കെ പത്മനാഭന്‍, ആര്‍ ജീവന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.
 

Related News

കൂടുതൽ വാർത്തകൾ »