Top
19
Monday, February 2018
About UsE-Paper

വള്ളികുന്നത്ത് ഡിവൈഎഫ്ഐ നേതാക്കളെ ആക്രമിച്ച സംഭവം : 5 ആര്‍എസ്എസുകാര്‍ പിടിയില്‍

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

ചാരുംമൂട് > വള്ളികുന്നത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് ആര്‍എസ്എസുകാര്‍ പിടിയില്‍. വള്ളികുന്നം സ്വദേശികളായ കൊച്ചുതറയില്‍ രവിശങ്കര്‍(28), ഗുരുവിലാസത്തില്‍ മഹേഷ്(28), പ്രണവം വീട്ടില്‍ പ്രണവ്(19), വിട്ടൂര്‍ വീട്ടില്‍ ശ്യാം(21), വള്ളിയാമ്പല്‍ത്തറയില്‍ അമല്‍(21) എന്നിവരെയാണ് മാവേലിക്കര സിഐ ശ്രീകുമാര്‍ അറസ്റ്റുചെയ്തത്.

ഡിവൈഎഫ്ഐ വള്ളികുന്നം പടിഞ്ഞാറ് മേഖലാ സെക്രട്ടറി തെക്കേമുറി എംഎസ് മന്‍സിലില്‍ ഷാജഹാന്‍ (30), കാമ്പിശേരി യൂണിറ്റ് പ്രസിഡന്റ് കൊട്ടക്കാട്ടു വടക്കതില്‍ സുള്‍ഫിക്കര്‍ (27), ഇവരുടെ സുഹൃത്തുക്കളും കെഎസ്യൂക്കാരുമായ ജെസീല്‍ (23), കൂനന്റയ്യത്ത് ഷെമിം (22) എന്നിവരെയാണ് കഴിഞ്ഞദിവസം ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. വയറിന് കുത്തും തലയ്ക്ക് വെട്ടുമേറ്റ ജെസീല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണം വിഭാഗത്തിലാണ്. മറ്റുള്ളവര്‍ക്കും ശരീരമാകെ മാരാകായുധങ്ങള്‍ കൊണ്ടുള്ള പരിക്കേറ്റു. ഇവര്‍ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി വാളാച്ചാല്‍ ജങ്ഷനില്‍ ഡിവൈഎഫ്ഐ ഹൃദയപൂര്‍വം പദ്ധതിയുടെ പോസ്റ്റര്‍ പതിക്കുന്നതിനിടെ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ ആര്‍എസ്എസുകാര്‍ മര്‍ദ്ദിച്ചു. കടുവങ്കല്‍ വിത്തൂര്‍ കിഴക്കതില്‍ ശ്യാം, പള്ളിയമ്പില്‍ കിഴക്ക് അമല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.

ഇതറിഞ്ഞെത്തിയ സിപിഐ എം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ രാത്രി 9.30ന് ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായെത്തി അക്രമം അഴിച്ചുവിട്ടു. സുഹൃത്തുക്കളായ ഡിവൈഎഫ്ഐ നേതാക്കളെ മര്‍ദ്ദിച്ച വിവരമറിഞ്ഞെത്തിയതാണ് കെഎസ്യു നേതാക്കള്‍ കൂടിയായ ജെസീലും ഷെമീമും. ഇവരെ ആളറിയാതെയാണ് ആക്രമിച്ചത്. ആക്രമണത്തിനുശേഷം ആര്‍എസ്എസുകാര്‍ സ്വന്തം വീടുകളിലെ വാഹനങ്ങള്‍ തകര്‍ത്ത് അത് സിപിഐ എമ്മിന്റെ ചുമലില്‍ വയ്ക്കാനും ശ്രമം നടത്തി.
സിപിഐ എം നേതാവായിരുന്ന അന്തരിച്ച എന്‍ രാമകൃഷ്ണന്‍നായരുടെ സ്മൃതികുടീരത്തിനും പാര്‍ടി വള്ളികുന്നം കിഴക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെയും ആക്രമണമുണ്ടായി. സ്മൃതി മണ്ഡപത്തിന് സമീപംവച്ച ചട്ടികളില്‍വച്ചചെടികളും അലങ്കാര ദീപങ്ങളും നശിപ്പിച്ചു. സിപിഐ എം ഓഫീസിന്റെ ജനാലച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമികള്‍ ഓഫീസിന്റെ വാതിലുകള്‍ വെട്ടിപ്പൊളിച്ചു. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ സ്ഥലത്തെത്തി.