Top
23
Thursday, November 2017
About UsE-Paper

സംസ്ഥാന സംയുക്ത കര്‍ഷക സമിതി ജാഥ : പര്യടനം ഇന്ന് തുടങ്ങും

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌


ആലപ്പുഴ > രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന മേഖലാ ജാഥകളുടെ ഭാഗമായി കേരള കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ നയിക്കുന്ന ജാഥ 14, 15 തീയതികളില്‍ ജില്ലയില്‍ പര്യടനം നടത്തും. അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മാനേജരും അഡ്വ. ജോയിക്കുട്ടി ജോസ്, ചവറ സരസന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍ എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും എന്‍ എസ് പ്രസന്നകുമാര്‍, പി ഉണ്ണികൃഷ്ണന്‍, കെ ജി ഹരികുമാര്‍, സലിംകുമാര്‍ ചമ്പക്കുളം, ടി ജയപ്രകാശ് എന്നിവര്‍ ജാഥാംഗങ്ങളുമാണ്.

കര്‍ഷക ആത്മഹത്യക്കും കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്കും കാരണമായ കേന്ദ്ര കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെയും ആത്മഹത്യചെയ്ത കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന്റെ ഒന്നരയിരട്ടി താങ്ങുവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനം നടപ്പാക്കുക, കന്നുകാലിച്ചന്തയുടെ നിയന്ത്രണ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ.

14ന് വൈകിട്ട് 5ന് അരൂര്‍ മണ്ഡലത്തിലെ തുറവൂരില്‍ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി വി ചാമുണ്ണി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ടി കെ സോമന്‍പിള്ള അധ്യക്ഷനാകും. 15ന് രാവിലെ 9ന് ചേര്‍ത്തലയില്‍ നിന്നും ജാഥ ആരംഭിക്കും. 10ന് ആലപ്പുഴ മണ്ഡലത്തിലെ പാതിരപ്പള്ളി, പകല്‍ 11ന് കുട്ടനാട് മണ്ഡലത്തിലെ മങ്കൊമ്പ്, 12ന് അമ്പലപ്പുഴ, 2ന് ഹരിപ്പാട്, 3ന് കായംകുളം, വൈകിട്ട് 4ന് മാവേലിക്കര മണ്ഡലത്തിലെ ചാരുംമൂട്, 5 ന് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ മാന്നാര്‍ സ്റ്റോര്‍ ജങ്ഷന്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. സ്റ്റോര്‍ ജങ്ഷനില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പങ്കെടുക്കും.

ജില്ലയില്‍ പര്യടനം നടത്തുന്ന സംസ്ഥാന ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ സംയുക്ത കര്‍ഷക സമിതി ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോയിക്കുട്ടി ജോസും കണ്‍വീനര്‍ അഡ്വ. ജി ഹരിശങ്കറും അഭ്യര്‍ഥിച്ചു.