16 October Tuesday

ചെങ്ങന്നൂർ ബൈപ്പാസ് റോഡിന‌് നടപടിയായി

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018



ചെങ്ങന്നൂർ
നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി﹣തോട്ടിയാട് റെയിൽവേ സ‌്റ്റേഷൻ ബൈപ്പാസ് റോഡ്  നിർമിക്കാൻ നടപടികൾ ആരംഭിച്ചതായി സജി ചെറിയാൻ എംഎൽഎ അറിയിച്ചു.

എം സി റോഡിൽ  ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിക്ക് തെക്കു ഭാഗത്തു നിന്നും  പടിഞ്ഞാറോട്ട് തോട്ടിയാട് ജങ‌്ഷൻ ഓർക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിനു നടുവിലൂടെയും ഓർക്കോട്ട് ചാലിന് വശത്തുകൂടിയും ബൈപ്പാസ് നിർമിച്ചാൽ ചെങ്ങന്നൂർ റെയിൽവേ സ‌്റ്റേഷന‌് തെക്കുള്ള ഓവർബ്രിഡ‌്ജിന് കിഴക്കായി എം കെ റോഡിലെത്തി  അവിടെ നിന്ന് എം സി റോഡിൽ വെള്ളാവൂർ ജങ‌്ഷനിലെത്തുകയും തിരിച്ചും ഗതാഗതം നടപ്പാക്കാമെന്നാണ‌് നിർദേശം. നഗരത്തിൽ കയറാതെ വാഹനങ്ങൾക്ക് വേഗം പോകാൻ കഴിയും. പേരിശേരി ലവൽ ക്രോസ് റെയിൽവേ സ‌്റ്റേഷൻ സമാന്തര റോഡിലേക്ക് ഈ ബൈപ്പാസ് റോഡ് ബന്ധിപ്പിക്കും. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി മുതൽ  തോട്ടിയാട് ജങ‌്ഷൻ വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജങ‌്ഷൻ ഓർക്കോട്ട് ജലധാര ബണ്ട് റോഡ്  നിലവിൽ 6 മീറ്റർ റോഡുമാണ്. പുലിയൂർ പഞ്ചായത്തിലെ തിങ്കളാമുറ്റം  വാർഡിലൂടെയാണ് നിർദിഷ്ട റോഡ് കടന്നു പോകുന്നത്.  

  ബൈപ്പാസ്  റോഡ് നിർമാണത്തിനായി  സജി ചെറിയാൻ എംഎൽഎയും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ   ബി വിനു, അസി. എക്സി.എൻജിനിയർ  പി വി വിമൽ , അസി. എൻജിനിയർമാരായ ശബരി, ഫൈസൽ  എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘം  ബുധനാഴ‌്ച രാവിലെ  വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തരമായി സർവേ നടപടി പൂർത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി.  മുൻപഞ്ചായത്തംഗങ്ങളായ ഫിലിപ്പ് ജോൺ പുന്നാട്ട്, പി ഡി സന്തോഷ്‌കുമാർ എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു. 

പ്രധാന വാർത്തകൾ
Top