19 October Friday

ചുവന്നു; ഈ കര്‍ഷക ഹൃദയഭൂമി

പി പ്രമോദ്Updated: Sunday Jan 14, 2018

പ്രതിനിധി സമ്മേളന നഗറില്‍ ജി സുധാകരന്‍ രക്തപതാകയുയര്‍ത്തുന്നു. കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എം വി ഗോവിന്ദന്‍, സജി ചെറിയാന്‍ തുടങ്ങിയവര്‍ സമീപം

കായംകുളം > രാജപരമ്പരകളുടെ തേരോട്ടങ്ങളുടെയും കര്‍ഷകത്തൊഴിലാളി സമരങ്ങളുടെയും കാര്‍ഷികപ്പെരുമകളുടെയും ചരിത്രങ്ങളുറങ്ങുന്ന ഓണാട്ടുകരയുടെ ഹൃദയഭൂമിയില്‍ പൊതുവിപ്ളവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് നാന്ദികുറിച്ചു.

പോരാട്ടങ്ങളുടെ കനലുകള്‍ പാകിയ വഴിയേ സഞ്ചരിച്ച് രക്തംകൊണ്ട് ഇതിഹാസം രചിച്ച പുന്നപ്രയിലെയും വയലാറിലെയും മേനാശേരിയിലെയും മാരാരിക്കുളത്തെയും ധീര രക്തസാക്ഷികളുടെയും ദീപ്തസ്മരണകള്‍ നെഞ്ചിലേറ്റി നൂറുകണക്കിന് കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവക്യംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പ്രതിനിധി സമ്മേളന നഗറായ പി കെ ചന്ദ്രാനന്ദന്‍ നഗറില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനാണ് രക്തപതാകയുയര്‍ത്തിയത്. രക്തസാക്ഷികളുടെ അമര സ്മരണകള്‍ക്കു മുന്നില്‍ രക്തപുഷ്പങ്ങളര്‍പ്പിച്ച് സമ്മേളന പ്രതിനിധികളും നേതാക്കളും നഗരിയിലെത്തി.

 പുന്നപ്ര വയലാര്‍ സമരസേനാനിയും മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍ ദീപശിഖ തെളിച്ചു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 വിവിധ സബ് കമ്മിറ്റികളെയും സമ്മേളനം തെരഞ്ഞെടുത്തു. മിനിട്സ്: കെ മധുസൂദനന്‍ (കണ്‍വീനര്‍), ജി രാജമ്മ, കെ ആര്‍ ഭഗീരഥന്‍, മോഹനന്‍, സാബു, പുഷ്പലതാമധു, ഡി പ്രിയേഷ് കുമാര്‍, പി ജി സൈറസ്, എ ഡി കുഞ്ഞച്ചന്‍, ജലജാ ചന്ദ്രന്‍. പ്രമേയം: ജി വേണുഗോപാല്‍ (കണ്‍വീനര്‍), കെ സി പ്രസാദ്, ടി കെ ദേവകുമാര്‍, എം സത്യപാലന്‍, പി പി ചിത്തരഞ്ജന്‍, ബി രാജേന്ദ്രന്‍, ജി ഹരിശങ്കര്‍, കോശി അലക്സ്, എം ആര്‍ ബാബുരാജ്, ജി രാജേശ്വരി, പ്രതിഭാഹരി. ക്രഡന്‍ഷ്യല്‍: എ മഹേന്ദ്രന്‍ (കണ്‍വീനര്‍), എം സുരേന്ദ്രന്‍, അനസ് അലി, കെ ഡി മഹേന്ദ്രന്‍, ആര്‍ രാജേഷ്, സംഗീത, ഡി സുധീഷ്, ജെബിന്‍ പി വര്‍ഗീസ്, അല്‍ത്താഫ്, എന്‍ സി വിന്‍സന്റ്. ശ്രീകുമാര്‍ ഉണ്ണിത്താന്‍.

 22-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി 22 കൊടിമരങ്ങളും വള്ളംകളിയെ ഓര്‍മിപ്പിക്കുന്ന പ്ളോട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ ശില്‍പ്പങ്ങളും ആനകളുടെ രൂപങ്ങളും സമ്മേളന നഗറിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നു.

 ജില്ലാ ജൈവ കാര്‍ഷിക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ജൈവകാര്‍ഷിക ഉല്‍പ്പന്നങ്ങളും ജൈവവളങ്ങളും ലഭ്യമാകുന്ന സ്റ്റാളും കായംകുളം കെ കെ സി സ്മാരക പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ മെഡിക്കല്‍ പവിലിയനും ആംബുലന്‍സും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top