Top
16
Saturday, December 2017
About UsE-Paper

സഹ. ബാങ്ക് നിയമന പരീക്ഷ ഹൈക്കോടതി റദ്ദാക്കി

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

മാന്നാര്‍ > ചെന്നിത്തല സഹകരണ ബാങ്കില്‍ പ്യൂണ്‍, നൈറ്റ് വാച്ച്മാന്‍, സെയില്‍സ്മാന്‍ എന്നീ ഒഴിവുകളിലേക്ക് നടത്താനിരുന്ന പരീക്ഷ ഹൈക്കോടതി റദ്ദാക്കി. ഇതുസംബന്ധിച്ച് ഉദ്യോഗാര്‍ഥി രത്നകുമാരി, ഡിവൈഎഫ്ഐ തൃപ്പെരുന്തുറ മേഖലാ സെക്രട്ടറി കെ വിനു എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് നടപടി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ മാറ്റിവച്ചതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

2011ല്‍ പത്രപരസ്യം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമനം നടത്താതെ ഇപ്പോള്‍ നടത്തുന്ന ഈ പരീക്ഷ ഉദ്യോഗാര്‍ഥികളെ അറിയിക്കാതെ ഭരണസമിതിയുടെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഒഴിവുവരുന്ന നിയമനങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം പരസ്യം നല്‍കിവേണം നിയമനം നടത്തണമെന്നുള്ള സര്‍ക്കാര്‍ തീരുമാനമാണ് അട്ടിമറിച്ചത്. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ നിയമനങ്ങളില്‍ ഭരണസമിതി നേരിട്ടുനടത്തുന്ന നിയമനത്തില്‍ വ്യക്തികളെ എഴുത്തുപരീക്ഷ ചുമതല ഏല്‍പ്പിക്കാമെന്ന രജിസ്ട്രാറുടെ നിബന്ധന ഹൈക്കോടതി സ്റ്റേ ചെയ്തു. സഹകരണ സംഘം ചട്ടം 182 (5) പ്രകാരം 91ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം എഴുത്തുപരീക്ഷകള്‍ പുറം ഏജന്‍സികളെ ഏല്‍പ്പിച്ചിരുന്നു. ഏജന്‍സികള്‍ വ്യക്തികളോ, സഹകരണവകുപ്പില്‍നിന്നും വിരമിച്ചവരെ നേതൃത്വം നല്‍കുന്ന ഏജന്‍സികളോ ആയിരിക്കാന്‍ പാടില്ലെന്നും പറയുന്നുണ്ട്. പ്രത്യേകം ചുമതലപ്പെട്ട റിക്രൂട്ട്മെന്റ് ഏജന്‍സികളായിരിക്കണമെന്ന് 2010ല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ചിന്റെ വിധി 2011ല്‍ ഡിവിഷന്‍ബഞ്ച് ശരിവച്ചു. വിധി അസ്ഥിരപ്പെടുത്തുന്ന രീതിയില്‍ സഹകരണ രജിസ്ട്രാര്‍ 2011ല്‍ സര്‍ക്കുലര്‍ ഭേദഗതി ചെയ്തു. എഴുത്തുപരീക്ഷ നടത്താന്‍ വ്യക്തികളെ ചുമതലപ്പെടുത്താമെന്ന് പുതിയ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലറിന്റെ നാല് (സി) നിബന്ധനപ്രകാരം എഴുത്തുപരീക്ഷകള്‍ വ്യക്തികളെ ചുമതലപ്പെടുത്തുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

യുഡിഎഫ് ഭരണനിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി ഇതിനുമുമ്പ് നടത്തിയിട്ടുള്ള നിയമനങ്ങള്‍ സംബന്ധിച്ചും വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷവും ഭരണസമിതി അനധികൃതമായി നടത്തുന്ന ഇത്തരത്തിലുള്ള നിയമനങ്ങള്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമാണ് നിഷേധിക്കുന്നതെന്ന് ഡിവൈഎഫ്ഐ മാന്നാര്‍ ബ്ളോക്ക് സെക്രട്ടറി കെ പ്രശാന്ത്കുമാര്‍ പറഞ്ഞു. ഭരണസമിതി അനധികൃതമായി നടത്തുന്ന നിയമനങ്ങള്‍ക്കെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ബാങ്കിന്റെ മുന്നില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »