14 December Friday

കുട്ടനാടിന്റെ സവിശേഷത പരിഗണിച്ച‌് വികസനനയം വേണം: സെമിനാർ

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

 ആലപ്പുഴ 

എനർജി കൺസർവേഷൻ സൊസൈറ്റി 'പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെന്റ്  ജോസഫ്സ്  കോളജിൽ നടന്ന സെമിനാർ കുട്ടനാട് രാജ്യാന്തര കായൽക‌ൃഷി ഗവേഷണ പഠനകേന്ദ്രം ഡയറക‌്ടർ ഡോ. കെ ജി പത‌്മകുമാർ ഉദ‌്ഘാടനംചെയ‌്തു. ഊർജം സംരക്ഷിക്കുന്നത് ഊർജം ഉൽപ്പാദിപ്പിക്കുന്നതിന് തുല്യമാണെന്ന്  അദ്ദേഹം പറഞ്ഞു.  
നൂറ്റാണ്ടുകൾക്ക് മുമ്പ‌് ഒരു മഹാപ്രളയത്തിൽ ഉത്ഭവിച്ചു എന്നു കരുതുന്ന കുട്ടനാട് ഇപ്പോൾ പ്രളയംപോലെ മഹാദുരന്തങ്ങളിലൂടെ തിരിച്ചെടുക്കപ്പെടാവുന്ന അസ്ഥിര ഭൂപ്രദേശമാണെന്ന ബോധ്യത്തോടെയാവണം ഭാവിവികസനം. കുട്ടനാടിന്റെ സവിശേഷ ജൈവവൈവിധ്യവും ജലസമൃദ്ധിയും അറബിക്കടലുമായുള്ള ബന്ധവും പരിഗണിച്ചാകണം വികസനമെന്നും അദ്ദേഹം പറഞ്ഞു. 
 എനർജി കൺസർവേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ. കെ സോമൻ അധ്യക്ഷനായി. കുട്ടനാട്ടിലെ നൂതന ക‌ൃഷിരീതി, കെട്ടിടനിർമാണം എന്നീ വിഷയങ്ങളെ അധികരിച്ച് ഡോ. എൻ കെ ശശിധരൻ, ഡോ. ദീപൂ ജോർജ‌്, ഈപ്പൻ ജോർജ‌് തുടങ്ങിയവർ ക്ലാസ് നയിച്ചു. 
കോളജ് പ്രിൻസിപ്പൽ ഡോ. ഷീനാ ജോർജ‌് സ്വാഗതവും എനർജി കൺസർവേഷൻ സൊസൈറ്റി എഡിറ്റർ പ്രൊഫ. ലീലാ മേരി കോശി നന്ദിയും പറഞ്ഞു. ഫിസിക‌്സ‌് ഡിപ്പാർട്ട്മെന്റിന്റെ നേത‌ൃത്വത്തിൽ  കോളജിലെ എനർജി കൺസർവേഷൻ സൊസൈറ്റി ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. 
പ്രധാന വാർത്തകൾ
Top