22 November Thursday
ഒരാൾ തൽക്ഷണം കത്തിയമർന്നു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് 2 എൻജി. വിദ്യാർഥികൾ മരിച്ചു

സ്വന്തം ലേഖകൻUpdated: Friday Nov 9, 2018

നങ്ങ്യാർകുളങ്ങരയിൽ ബൈക്ക്‌ ലോറിയിലിടിച്ച്‌ കത്തിയപ്പോൾ

 
ഹരിപ്പാട്
ലോറിയുമായി കൂട്ടിയിടിച്ച‌് ബൈക്ക‌് കത്തിയുണ്ടായ അപകടത്തിൽ രണ്ട‌് എൻജിനിയറിങ‌് വിദ്യാർഥികൾ മരിച്ചു. ബൈക്കിനൊപ്പം  യുവാക്കളിലൊരാൾ വെന്തുമരിക്കുകയായിരുന്നു. 
മാവേലിക്കര തെക്കേക്കര ഉമ്പർനാട‌് നടാപ്പള്ളിൽ ശിവകുമാറിന്റെയും സുധാകുമാരിയുടെ മകൻ ശങ്കർകുമാർ (ശംഭു–- 20), ചെങ്ങന്നൂർ കാരയ‌്ക്കാട് കിരൺനിവാസിൽ (മംഗലത്ത് )  ഉണ്ണിക‌ൃഷ‌്ണക്കുറുപ്പിന്റെയും ഗീതാകുമാരിയുടെയും മകൻ കിരൺ ക‌ൃഷ‌്ണ (21) എന്നിവരാണ‌്  മരിച്ചത‌്.  ഇരുവരും കോയമ്പത്തൂരിലെ കർപ്പകം എൻജിനിയറിങ‌് കോളജിലെ മെക്കാനിക്കൽ  അഞ്ചാം സെമസ‌്റ്റർ വിദ്യാർഥികളാണ‌്.  
 ബുള്ളറ്റ‌ിൽ നാട്ടിലേക്ക‌് വരികയായിരുന്നു ഇവർ. വ്യാഴാഴ‌്ച രാവിലെ 6.30ന്   ദേശീയപാതയിൽ ഹരിപ്പാടിന് തെക്ക് സൗഗന്ധിക ഹോട്ടലിന‌് മുന്നിലായിരുന്നു അപകടം. ശങ്കറാണ‌് ബൈക്ക‌് ഓടിച്ചതെന്ന‌് പൊലീസ‌് പറഞ്ഞു.  തിരുവനന്തപുരത്തുനിന്ന് പ്ലാസ‌്റ്റിക് കസേരകൾ കയറ്റി വന്ന ലോറിയാണ‌് ബൈക്കിലിടിച്ചത‌്. ഇടിയുടെ ആഘാതത്തിൽ  തീപിടിച്ച ബൈക്ക്  കത്തിച്ചാമ്പലായി. റോഡിലേക്ക‌് വീണ ശങ്കറും  തിരിച്ചറിയാനാകാത്ത വിധം  കത്തിയമർന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ കിരൺ ക‌ൃഷ‌്ണയെ ഉടൻ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
  ഞായറാഴ‌്ച കണ്ണൂരിൽ ഫുട്ബോൾ മത്സരം കണ്ടശേഷം കോളേജിലെത്തിയ ഇവർ അടൂർ സ്വദേശിയായ ജിജോ ജോജി എന്ന സുഹ‌ൃത്തിനൊപ്പം  ബുധനാഴ‌്ച  രാത്രി പതിനൊന്നോടെ രണ്ട‌് ബൈക്കുകളിലായി നാട്ടിലേക്ക് വരികയായിരുന്നു.  മുന്നിൽ പോയ ജിജോ സ‌്ഫോടനശബ‌്ദം കേട്ട്  തിരിഞ്ഞുനോക്കുമ്പോൾ ബൈക്ക് കത്തിയമരുന്നതാണ‌് കണ്ടത്. മിനുട്ടുകൾക്കകം ശങ്കറെിന്റെ ശരീരം കത്തിച്ചാമ്പലായി.  ഫയർഫോഴ്സും ഹൈവേ പൊലീസും നാട്ടുകാരും ചേർന്നാണ‌് രക്ഷാപ്രവർത്തനം നടത്തിയത‌്. 
 വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ‌്റ്റ‌്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ഇരുവരുടെയും സംസ‌്കാരം വെള്ളിയാഴ‌്ച നടക്കും. ശങ്കറിന്റെ മാതാപിതാക്കൾ ദുബായിയിലും സഹോദരൻ ഗണേശൻ ബഹ‌്റൈനിലുമാണ‌്.  ഗണേശിന്റെ വിവാഹനിശ‌്ചയം കഴിഞ്ഞ‌് രണ്ടാഴ‌്ച മുമ്പാണ‌് ശിവകുമാറും സുധയും മടങ്ങിയത‌്. കിരണിന്റെ അച്ഛൻ ഉണ്ണിക‌ൃഷ‌്ണനും വിദേശത്താണ‌്. തരുൺ ക‌ൃഷ‌്ണൻ സഹോദരനാണ‌്.
പ്രധാന വാർത്തകൾ
Top