22 November Thursday
ലഹരിക്കെതിരെ ബോധവൽക്കരണം

ഓട്ടൻതുള്ളലുമായി എക‌്സൈസ‌് ഉദ്യോഗസ്ഥൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018
 
മുഹമ്മ
മയക്കുമരുന്നിനും മദ്യ ഉപയോഗത്തിനും എതിരെ ഓട്ടൻതുള്ളലുമായി എക്‌സൈസ് ഓഫീസർ. എറണാകുളത്ത് ജോലിചെയ്യുന്ന കഞ്ഞിക്കുഴി കണ്ണർകാട് നികർത്തുവെളി വി ജയരാജാണ് ബോധവൽക്കരണ സന്ദേശവുമായി ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നത്.
 “ദുഷ‌്ടലഹരികൾ മാടിവിളിക്കുമ്പോൾ ഉറ്റവർ തൻമുഖം ചിത്തേൽ തെളിയണം” ലഹരി നുണയാൻ വെമ്പൽകൊള്ളുന്നവർക്ക് താൻ രചിച്ച ഓട്ടംതുള്ളൽ വരികളിലൂടെ ജയരാജ് മുന്നറിയിപ്പ് നൽകുകയാണ്. മദ്യവും മയക്കുമരുന്നും വിദ്യാർഥികളെയും യുവാക്കളെയും കുടുംബത്തെയും എങ്ങനെയൊക്കെ നശിപ്പിക്കുമെന്നും പെൺകുട്ടികളെ ചതിക്കെണിയിൽ വീഴ‌്ത്തുന്നതുമൊക്കെ 20 മിനിറ്റിനുള്ളിൽ  വരച്ചുകാട്ടുന്നു. “ജീവിതമാണ് ലഹരിയെന്നുൾവിളി തോന്നേണമെപ്പോഴും പ്രാർഥനയിൽ”-മറ്റെല്ലാ ലഹരിയും ജീവിതം പടിപടിയായി നശിപ്പിക്കുമെന്നും യഥാർഥ ലഹരി ജീവിതമാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്ന സന്ദേശം പകർന്നുനൽകിയാണ് ഓട്ടംതുള്ളൽ അവസാനിക്കുന്നത്. 
  എറണാകുളം,ആലപ്പുഴ ജില്ലകളിൽ സ്‌കൂൾ,- കോളേജ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചു. മുഹമ്മ എബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഓട്ടൻതുള്ളലിന് മുന്നോടിയായി റിട്ട. എക്‌സൈസ് ട്രെയ‌്നർ സി ദാമോദരൻ ക്ലാസെടുത്തു. കൊച്ചുത്രേസ്യ ജെയിംസ്, ടി ബി ഉമാവതി, പ്രിൻസിപ്പൽ പി സജീവ്, പ്രഥമാധ്യാപിക വി കെ ഷക്കീല, എക്‌സൈസ് സിഐ വി സി ബൈജു, ഇൻസ്‌പെക‌്ടർ വി സലിലകുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top