20 September Thursday

നിറംകെട്ട് ചെങ്ങന്നൂരിലെ കുമ്മനത്തിന്റെ യാത്ര

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ചെങ്ങന്നൂര്‍  > ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിച്ച വികാസ്യാത്ര ചെങ്ങന്നൂരില്‍ നിറംകെട്ടു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വികാസ്യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനം ചെങ്ങന്നൂര്‍ മണ്ഡലത്തിലാക്കിയത്. ഇതിന്റെ പ്രചാരണത്തിനായി ഒഴുക്കിയത് ലക്ഷങ്ങളാണ്. എന്നാല്‍ പ്രധാന പ്രവര്‍ത്തകരെ അല്ലാതെ ആരെയും അണിനിരത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നഗരത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലി ഉപേക്ഷിക്കേണ്ടി വന്നു.

റെയില്‍വേസ്റ്റേഷന് സമീപത്തെ ആദ്യ സ്വീകരണത്തിനുശേഷമാണ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ടൌണിലേക്ക് വന്റാലിയാണ് ആസൂത്രണം ചെയ്തിരുന്നത്. റാലി ഉപേക്ഷിച്ചതോടെ ബിജെപി ജില്ലാ കമ്മിറ്റിയോഗത്തിലും വെണ്‍മണി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്ത്യോഗത്തിലും പങ്കെടുത്ത് കുമ്മനം മടങ്ങി.

രാജ്യത്തെ മറ്റ് തീര്‍ഥാടനകേന്ദ്രങ്ങളുമായി ചെങ്ങന്നൂരിനെ ബന്ധിപ്പിച്ച് തീര്‍ഥാടന സര്‍ക്യൂട്ട് രൂപീകരിക്കുമെന്ന കേന്ദ്രബജറ്റിലെ വാഗ്ദാനം പാലിക്കാന്‍ കഴിയാത്തതും ചെങ്ങന്നൂരില്‍ ബിജെപിക്ക് തിരിച്ചടിയാകും. ശബരിമല ദേശീയതീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നിരന്തരം ആവശ്യമുന്നയിച്ചതും കേന്ദ്രസര്‍ക്കാര്‍ തഴഞ്ഞു. ശബരിമല തീര്‍ഥാടനം കണക്കിലെടുത്ത് ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനങ്ങളും നേതാക്കള്‍ മറന്ന മട്ടാണ്. 

ഇത്തരം വാഗ്ദാനലംഘനങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ബിജെപി നേതൃത്വം ഭയക്കുന്നുണ്ട്. ഇതിന് മറയിടാന്‍വേണ്ടിയാണ് കുമ്മനത്തിന്റെ വികാസ്യാത്ര ചെങ്ങന്നൂരില്‍ കേന്ദ്രീകരിക്കപ്പെട്ടത്. വെള്ളിയാഴ്ചയും കുമ്മനവും നേതാക്കളും മണ്ഡലത്തില്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്്. ഇതിനകം തന്നെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നൂറുകണക്കിന് ആര്‍എസ്എസുകാരെ ചെങ്ങന്നൂരില്‍ എത്തിച്ചിട്ടുണ്ട്. നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചും പ്രചാരണം ശക്തമാണ്. യുവാക്കളെ ലക്ഷ്യമിട്ട് വാട്സ്ആപ്പില്‍ ഒട്ടേറെ ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് കള്ളപ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞു.

പ്രധാന വാർത്തകൾ
Top