Top
20
Saturday, January 2018
About UsE-Paper

സ്കോളര്‍ഷിപ്പിലും എസ്ബിഐ കൈയിട്ടുവാരി

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌


ആലപ്പുഴ > മിനിമം ബാലന്‍സിന്റെ പേരില്‍ പാവപ്പെട്ട വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പിലും എസ്ബിഐ കൈയിട്ടുവാരി. ന്യൂനപക്ഷമടക്കമുള്ള പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുകയില്‍ നിന്ന് ആലപ്പുഴ നഗരത്തിലെ എസ്ബിഐ ശാഖ 458 രൂപ മിനിമം ബാലന്‍സ് പിഴയായി ഇടാക്കി. ആയിരം രൂപയാണ് സ്കോളര്‍ഷിപ്പ് കിട്ടിയത്. അതില്‍നിന്ന് ഇത്രയും തുക പടിച്ചതോടെ കുട്ടി  പണം വാങ്ങാതെ മടങ്ങി.

ആലപ്പുഴ ഇരവുകാട് വാര്‍ഡില്‍ കോയാപറമ്പില്‍  ഷാജിയുടെ മകള്‍ ആമിന ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് മാത്രമായാണ് ആലപ്പുഴ എസ്ബിഐയില്‍ അക്കൌണ്ട് തുടങ്ങിയത്. 2015 ലും 2016 ലും ആയിരം രൂപ വച്ച് കിട്ടുകയും ചെയ്തു. ഇത്തവണ സ്കോളര്‍ഷിപ്പ് വന്നിട്ടുണ്ടെന്ന് അറിഞ്ഞാണ് ബാങ്കിലെത്തിയത്. ആയിരം രൂപ പിന്‍വലിക്കാന്‍ എഴുതിക്കൊടുക്കുകയും ചെയ്തു. അപ്പോഴാണ് 458 രൂപ മിനിമം ബാലന്‍സ് പിഴയായി പിടിച്ചെന്ന കാര്യം അറിയുന്നത്. മാനേജരോട് സംസാരിച്ചപ്പോള്‍ പിടിച്ച പണം തിരിച്ച് തരാന്‍ കഴിയില്ലെന്നും അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൌണ്ട് തുടങ്ങാന്‍ അപേക്ഷ തന്നാല്‍ അടുത്ത തവണ മുതല്‍ പിഴ ഈടാക്കാതെ സ്കോളര്‍ഷിപ്പ് തുക തരാമെന്നുമായിരുന്നു മറുപടി. തുടര്‍ന്ന് ബാക്കിയുള്ള അഞ്ഞൂറ് രൂപ വാങ്ങാതെ ആമിനയും ഷാജിയും മടങ്ങി.

ആമിനയെപോലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ പണം നഷ്ടപ്പെടും. ജന്‍ധന്‍ അക്കൌണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് പിഴ ഈടാക്കാത്ത എസ്ബിഐ  നിര്‍ധനരായ വിദ്യാര്‍ഥികളെ ആ പട്ടികയില്‍പെടുത്തിയില്ല.

പാചക വാതക സബ്സിഡിയടക്കം ബാങ്കിലൂടെ നല്‍കാന്‍ തുടങ്ങിയതോടെ ബഹുഭൂരിപക്ഷവും അക്കൌണ്ട് തടങ്ങി. ചിലര്‍ സബ്സിഡി കിട്ടാന്‍ മാത്രമാണ് അക്കൌണ്ട് തുറന്നത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്നതിനാല്‍ പലര്‍ക്കും സബ്സിഡി കിട്ടുന്നില്ല. ആസ്തിയേക്കാള്‍ ഏറെ തുക പിഴയായി ലഭിച്ചതായാണ് കണക്ക്.