Top
23
Tuesday, January 2018
About UsE-Paper

പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Thursday Jan 4, 2018
വെബ് ഡെസ്‌ക്‌

ഹരിപ്പാട് > ആറാട്ടുപുഴ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് നടത്തിപ്പിനുള്ള ഓവര്‍സിയര്‍ നിയമന തര്‍ക്കത്തെ തുടര്‍ന്ന് സ്ഥിരം സമിതി അധ്യക്ഷരായ മൂന്നുപേര്‍ ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ് ജയകുമാറിനെ മൂന്നു മണിക്കൂര്‍ ഓഫീസില്‍ ഉപരോധിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ തര്‍ക്കമാണ് ഉപരോധത്തിലേക്ക് നയിച്ചത്. പൊലീസ് എത്തി നിധീഷ്, കുക്കു ഉന്‍മേഷ്, റാണി എന്നിവരെ നീക്കം ചെയ്ത ശേഷമാണ് സെക്രട്ടറിയെ മോചിപ്പിച്ചത്.

ഓവര്‍സിയര്‍ നിയമനം സംബന്ധിച്ച് പഞ്ചായത്തു കമ്മിറ്റിയില്‍ ആറംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് അടുത്ത കമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷം നിയമനം നടത്തിയാല്‍ മതിയെന്ന് പ്രസിഡന്റ് എസ് അജിത സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ റാങ്ക് ലിസ്റ്റനുസരിച്ച് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് 7,8,9 വാര്‍ഡംഗങ്ങള്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. സെക്രട്ടറി അറിയിച്ചതനുസരിച്ച് ഒരു മണിയോടെ എത്തിയ തൃക്കുന്നപ്പുഴ പൊലിസാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്.

രണ്ടു വര്‍ഷം മുമ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പു മുതല്‍ കോണ്‍ഗ്രസ്സില്‍ തര്‍ക്കം നിലനിന്നിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം പ്രസിഡന്റ് സ്ഥാനം ആറാട്ടുപുഴയുടെ തെക്ക് പ്രദേശത്തു നിന്നുള്ള അംഗത്തിന് നല്‍കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

എന്നാല്‍ 14 അംഗ സമിതിയില്‍ ഭൂരിപക്ഷം പ്രസിഡന്റിനൊപ്പമായതിനാല്‍ സ്ഥാനം പങ്കിടലിനുള്ള നീക്കം എങ്ങുമെത്താതെ നിന്നു. ഇതിനിടയിലാണ് ഓവര്‍സിയര്‍ നിയമനമുയര്‍ന്നുവന്നത്. പലതവണ ചര്‍ച്ച നടന്നെങ്കിലും യോജിപ്പുണ്ടായില്ല. ഐ ഗ്രൂപ്പിന്റെ പിന്തുണയുള്ളതിനാല്‍ സ്ഥാനം പങ്കുവെക്കല്‍ നടക്കില്ലെന്ന് മനസ്സിലായതോടെയാണ് വിമത പക്ഷം രണ്ടും കല്‍പ്പിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് കേണ്‍ഗ്രസ് ഉപരോധം.