Top
23
Thursday, November 2017
About UsE-Paper

അഴിമതി, കെടുകാര്യസ്ഥത ചെങ്ങന്നൂരിന് ശബരിമല ഫണ്ടുമില്ല

Friday Nov 3, 2017
വെബ് ഡെസ്‌ക്‌


ചെങ്ങന്നൂര്‍ > യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ ചെങ്ങന്നൂര്‍ നഗരസഭയ്ക്ക് ഈ വര്‍ഷത്തെ ശബരിമല മുന്നൊരുക്കങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ലഭിച്ചില്ല. ശബരിമല തീര്‍ത്ഥാടകരുടെ സൌകര്യങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി സംസ്ഥാന ഗവണ്‍മെന്റ് നല്‍കിയ ഫണ്ടില്‍ 2014-15 വര്‍ഷം മുതലുള്ള യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നഗരസഭ നല്‍കിയിരുന്നില്ല.. 

2016 മണ്ഡല മകര വിളക്കു കാലത്തെ മുന്നൊരുക്കങ്ങള്‍ക്കായി 25 ലക്ഷം രൂപ കഴിഞ്ഞ ഒക്ടോബറില്‍ അനുവദിച്ചിരുന്നു. ഇതില്‍ 12 ലക്ഷം രൂപയുടെ മരാമത്ത് പ്രവൃത്തികള്‍  ആരംഭിച്ചിട്ടില്ല. ശുചീകരണ പ്രവൃത്തികള്‍ക്കായി ചെലവഴിച്ചു എന്നു പറയപ്പെടുന്ന 9 ലക്ഷം രൂപയില്‍ ഗുരുതര ക്രമക്കേടാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ശബരിമല ഫണ്ട് ബാങ്കില്‍ നിക്ഷേപിച്ചതു മുതല്‍ മരാമത്തു ജോലികളില്‍ വരെ കഴിഞ്ഞ ദിവസം ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലും ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. കൂടാതെ 2015 വര്‍ഷത്തില്‍ അനുവദിച്ച തുകയില്‍ രണ്ടര ലക്ഷം രൂപ ഇതു വരെ ചെലവഴിക്കാത്തതും വിമര്‍ശന വിധേയമായിട്ടുണ്ട്.

കഴിഞ്ഞ മാസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ശബരിമല മുന്നൊരുക്ക അവലോകന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ വിട്ടു നിന്നു. മറ്റു പ്രതിനിധികളാരും പങ്കെടുത്തതുമില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭാ കൌണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചെയര്‍മാനെ തടഞ്ഞു വച്ചു. ചെങ്ങന്നൂരിലെ ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റ് നേരിട്ട് നടത്തുന്നവ പൂര്‍ത്തിയായെന്നും, നഗരസഭ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഫണ്ട് ഉറപ്പായും അനുവദിക്കുമെന്നും കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ അറിയിച്ചു. അടിയന്തരമായി യൂട്ടി ലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നഗരസഭയ്ക്ക് അനുവദിച്ച ശബരിമല ഫണ്ട് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ ചെയര്‍മാന്‍ സ്വീകരിക്കണമെന്ന് നഗരസഭ എല്‍ഡിഎഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

Related News

കൂടുതൽ വാർത്തകൾ »