15 November Thursday
പമ്പിങ‌് സബ്സിഡി

തടസ്സം 2 ദിവസത്തിനകം പരിഹരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 

 
ആലപ്പുഴ
പാടശേഖരസമിതികൾക്കുള്ള പമ്പിങ‌് സബ്സിഡി നൽകുന്നതിന് തടസ്സങ്ങൾ പരിഹരിച്ച് രണ്ടു ദിവസത്തിനകം ഉത്തരവിറക്കുമെന്ന്  ക‌ൃഷിമന്ത്രി വി എസ് സുനിൽകുമാർ. കലക‌്ടറേറ്റിൽ ചേർന്ന  പാടശേഖര സമിതി പ്രതിനിധികളുടെയും പമ്പിങ‌് കരാറുകാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ഒരു ക‌ൃഷി ഒഴിവാക്കിയാൽ അടുത്ത ക‌ൃഷിക്ക് പമ്പിങ് സബ്സിഡി നൽകില്ല എന്ന നിലവിലെ വ്യവസ്ഥയും  ക‌ൃഷിചെയ‌്ത വിളവെടുപ്പ് പൂർത്തിയാക്കിയാലേ പമ്പിങ‌് സബ്സിഡി നൽകുവെന്ന വ്യവസ്ഥയും ഒഴിവാക്കാനുള്ള ഉത്തരവ് ഉടനിറക്കും. ഇതോടെ മടവീണ് നശിച്ച എല്ലാ പാടശേഖരങ്ങൾക്കും സബ്സിഡി ലഭിക്കും. 
 പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചാലേ ആളുകളെ അങ്ങോട്ട് തിരിച്ചുകൊണ്ടുപോകാനാവു. മട കുത്താനും പമ്പിങ് തുടങ്ങാനുമുള്ള നടപടികളുമായി പാടശേഖരസമിതികൾ സഹകരിക്കണം.  മോട്ടോറിന്റെ നിലവിലുള്ള അവസ്ഥ പരിശോധിക്കുന്നതിന് ഒരു സാങ്കേതികസമിതിയെ  നിയോഗിക്കും.  ഒന്നോ രണ്ടോ ദിവസത്തിനകം ഈ കമ്മിറ്റി റിപ്പോർട്ട് നൽകണം. വെള്ളം വറ്റിക്കുന്നതിന‌് കാലതാമസം ഉണ്ടാകരുത‌്.  കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരമുള്ള തുകയും ഇൻഷുറൻസ് തുകയും ഒരാഴ‌്ചയ‌്ക്കകം ലഭ്യമാക്കും.   50 കിലോ വിത്ത് സൗജന്യമായി നൽകും.  
പമ്പിങ്  ആരംഭിക്കുന്നതിനായി മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ  ആവശ്യമുള്ളിടത്തെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഒരാഴ‌്ചയ‌്ക്കകം പുനരധിവാസം പൂർത്തിയാക്കുകയാണ് സർക്കാർ ലക്ഷ്യം. 
തുലാം 10ന് തുടങ്ങേണ്ട പുഞ്ചക‌ൃഷി സംബന്ധിച്ചും രണ്ടാം കുട്ടനാട് പാക്കേജ് സംബന്ധിച്ചും വിശദമായ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി പറഞ്ഞു.   തോമസ്ചാണ്ടി എംഎൽഎ, കലക‌്ടർ എസ് സുഹാസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബീന നടേശ് , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top