14 November Wednesday

പകർച്ചവ്യാധികൾ കുറഞ്ഞു; ആരോഗ്യം വീണ്ടെടുത്ത‌് ജില്ല

സ്വന്തം ലേഖകൻUpdated: Monday Jul 30, 2018

 

 
 
കോഴിക്കോട‌്
അപ്രതീക്ഷിതമായെത്തിയ നിപാ വൈറസിൽ തളർന്നുപോയ ജില്ല ആരോഗ്യരംഗത്ത‌് ‌  മുന്നേറുന്നു. മഴക്കാല പകർച്ചവ്യാധികളെ ഇല്ലാതാക്കാൻ കഴിഞ്ഞതാണ‌്  ജില്ലയുടെ നേട്ടം. കൊതുകുജന്യരോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി  എന്നിവയും എലിപ്പനി, എച്ച‌്1 എൻ1  തുടങ്ങിയ സാക്രമിക രോഗങ്ങളും കഴിഞ്ഞ വർഷത്തേക്കൾ കുറഞ്ഞു എന്നു മാത്രമല്ല മരണനിരക്കിലും ഗണ്യമായ കുറവുണ്ടായി.  
കഴിഞ്ഞ വർഷം 803 പേർക്ക‌് ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാൽ ഈ വർഷം ജൂലൈ 27വരെ 183 പേർക്ക‌് മാത്രമാണ‌് രോഗം സ്ഥിരീകരിച്ചത‌്. കഴിഞ്ഞ തവണ ഇൗ  രോഗം ബാധിച്ച‌് നാല‌് പേർ മരിച്ചപ്പോൾ ഇത്തവണ രണ്ട‌് മരണം മാത്രം. ഒരിടത്തും ചികുൻഗുനിയ റിപ്പോർട്ട‌് ചെയ‌്തില്ല. 136 പേർക്ക‌് കഴിഞ്ഞ തവണ എച്ച‌്1 എൻ1 ബാധിച്ചെങ്കിലും ഇത്തവണ അത‌് അഞ്ച‌്പേർക്ക‌് മാത്രമായി.  ടൈഫോയ‌്ഡ‌് ബാധിച്ചവരുടൈ എണ്ണം മുൻവർഷത്തെ 33ൽനിന്ന‌് പകുതിയായി. 
തുടക്കത്തിൽ കണ്ടുപിടിച്ചില്ലെങ്കിൽ ഏറെ മാരകമായേക്കാവുന്ന എലിപ്പനി ബാധിച്ചവരുടെയും എണ്ണത്തിൽ കുറവുണ്ട‌്. കഴിഞ്ഞ തവണ 90 പേർക്ക‌് ‌രോഗം  സ്ഥിരീകരിച്ചപ്പോൾ ഇൗ വർഷം അത‌് 67 മാത്രമാണ‌്. എന്നാൽ  ഇത്തവണ ഒരു മരണം അധികമായിട്ടുണ്ട‌്. കഴിഞ്ഞ തവണ രണ്ട‌് പേർ മരിച്ചപ്പോൾ ഇൗ വർഷം മൂന്ന‌് പേർ മരിച്ചു.  
വയറിളക്ക രോഗങ്ങളും കുറഞ്ഞു. കഴിഞ്ഞ തവണ 81 പേർക്ക‌് മലേറിയ ബാധിച്ചപ്പോൾ ഇത്തവണ 51 ആണ‌്.  1442 പേർക്ക‌് കഴിഞ്ഞ വർഷം ഭക്ഷ്യവിഷബാധയേറ്റപ്പോൾ ഇൗ വർഷം അത‌് 29 പേർക്ക‌് മാത്രമാണ‌്. ആരോഗ്യ ജാഗ്രത പദ്ധതി ഫലപ്രദമായി നടപ്പാക്കിയതാണ‌് പകർച്ചവ്യാധികൾ കുറയാൻ കാരണമെന്ന‌് ‌ഡിഎംഒ ഡോ. വി ജയശ്രീ പറഞ്ഞു. 
എന്നാൽ ജനങ്ങൾ ജാഗ്രത തുടരണമെന്നും ഡിഎംഒ മുന്നറിയിപ്പ‌് നൽകി.  ജാഗ്രതാ പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിലും ആരോഗ്യ സേന രൂപീകരിച്ച‌് പ്രവർത്തനം നടത്തിയിരുന്നു. ഒരു വർഷത്തെ പ്രവർത്തനങ്ങളാണ‌് ആരോഗ്യ ജാഗ്രതാ പദ്ധതി പ്രകാരം നടത്തുന്നത‌്. ജില്ലയിൽ ഇത‌് ജനുവരി ഒന്നു മുതൽ തുടങ്ങിയിരുന്നു. ഒരോ മാസം ചെയ്യേണ്ട പ്രവർത്തനങ്ങളുടെ കലണ്ടറും തയ്യാറാക്കിയതായി മാസ‌്മീഡിയ ഓഫീസർ ബേബി നാപ്പള്ളി പറഞ്ഞു.   കൊതുകു നശീകരണത്തിന‌് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ‌് നടത്തിയത‌്.  വാർഡുകൾ തോറുമുള്ള ശുചീകരണ പ്രവർത്തനങ്ങളും ഫലം ചെയ‌്തു. മറ്റു വകുപ്പുകളുടെ സഹകരണവും പകർച്ചവ്യാധി നിയന്ത്രണത്തിന‌് ഗുണം ചെയ‌്തു. മാലിന്യ സംസ‌്കരണത്തിനും പ്രാധാന്യം നൽകിയിരുന്നു.  
മലമ്പനി, മലേറിയ എന്നിവയെ ചെറുക്കുന്നതിനായി തീരമേഖലയിൽ അതീവ ജാഗ്രത കാണിച്ചിരുന്നു. പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
 ഉപയോഗശൂന്യമായ  ബോട്ടുകളിൽ കൊതുകുകൾ മുട്ടയിട്ട‌് പെരുകുന്നതും ഒഴിവാക്കി. ശുചീകരണ പ്രവർത്തനങ്ങളിൽ തോട്ടംമേഖലയിൽ കൂടുതൽ ശ്രദ്ധപതിയേണ്ടതുണ്ടെന്നും ആരോഗ്യവകുപ്പ‌് ഉദ്യോഗസ്ഥർ പറയുന്നു. കാലവർഷത്തിൽ പെയ‌്ത കനത്തമഴയും രോഗനിയന്ത്രണത്തിന‌് സഹായകമായിട്ടുണ്ട‌്. ശക്തമായ മഴയിൽ രോഗ ഉറവിടങ്ങൾ പൂർണമായും നശിച്ചു. 
പ്രധാന വാർത്തകൾ
Top